തിരുവനന്തപുരം: കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. പ്രതികളായ അബ്‌ദുൾ ഷമീം, തൗഫീക്ക് എന്നിവര്‍ക്കെതിരെയാണ് തമിഴ്‌നാട് പൊലീസ് യു.എ.പി.എ ചുമത്തിയത്. ഇരുവര്‍ക്കും രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായും ഇന്ത്യയിലെ നിരോധിത തീവ്രവാദ സംഘടനയായ സിമിയുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണിത്. തീവ്ര സ്വഭാവമുള്ള പതിനഞ്ചോളം പേര്‍ മാത്രമുള്ള തമിഴ്‌നാട് നാഷണല്‍ ലീഗിലെ അംഗങ്ങളാണ് ഇരുവരുമെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. നിരോധിച്ച അല്‍ ഉമ എന്ന സംഘടനയിലെ അംഗങ്ങളായിരുന്നെന്നാണ് തമിഴ്‌നാട് പൊലീസ് നല്‍കുന്ന വിവരം.
അബ്‌ദുൾ ഷമീമിനും തൗഫീക്കിനും തിരുവനന്തപുരത്ത് നിന്ന് സഹായം ലഭിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് ക്യൂബ്രാഞ്ച് ഉന്നത സംഘം തിരുവനന്തപുരത്തെത്തി. സംഭവ ദിവസം ഇവര്‍ പകല്‍ തിരുവനന്തപുരത്തും പരിസരങ്ങളിലും ഉണ്ടയിരുന്നെന്നാണ് വിവരം. തിരുവനന്തപുരം നെടുമങ്ങാടിന് സമീപം വിതുരയില്‍ നിന്നുള്ള ചിലരുടെ സഹായം ലഭിച്ചെന്ന വിവരവും ക്യൂ ബ്രാഞ്ചിന് ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നെടുമങ്ങാട്ടേക്കും വ്യാപിപ്പിച്ചു. ക്യൂ ബ്രാഞ്ച് സംഘം തിരുവന്തപുരത്ത് തങ്ങുന്നതായാണ് വിവരം. അതിനാല്‍ കൂടുതല്‍ മലയാളികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. പ്രതികളുടെ നിലവിലെ സംഘടനയായ തമിഴ്‌നാട് നാഷണല്‍ ലീഗിന് കേരളത്തിലും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വേരുകളുണ്ടെന്ന് തമിഴ്‌നാട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.