തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥി ടി സി വാങ്ങി. വർക്കല എസ് എൻ കോളജിലേക്കാണ് ടി സി വാങ്ങിയത്. കോളജിൽ പഠിക്കാനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ടാണ് ടി സി വാങ്ങിയതെന്നും കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും വിദ്യാർഥി പറഞ്ഞു.
യൂണിവേഴ്സിറ്റി കോളജിൽ പഠനാന്തരീക്ഷം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടു പേജ് വരുന്ന ആത്മഹത്യാ കുറിപ്പിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് പെൺകുട്ടി പറഞ്ഞു. പഠിക്കാനുള്ള സാഹചര്യം കോളജിൽ ലഭ്യമായില്ല. കോളജിലെ പഠനസൗകര്യങ്ങൾ ഉപയോഗിക്കാനും അവസരം ലഭിച്ചില്ല. ഒരു പൊതു പ്രശ്നമാണിത്. പേടിച്ചാണ് ആരും പുറത്തു പറയാത്തത് എന്നും പെൺകുട്ടി പറഞ്ഞു. അതേസമയം കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നും വിദ്യാർഥി അറിയിച്ചു. കേസ് പിൻവലിക്കുന്നതിന് ആരുടെ ഭാഗത്ത് നിന്നും സമ്മർദ്ദം ഉണ്ടായിട്ടില്ല.
ബിഎസ്സി കെമിസ്ട്രിയിൽ രണ്ടാം സെമസ്റ്ററിലെ ഇൻറേണൽ പരീക്ഷയെഴുതിയ ശേഷമാണ് വിദ്യാർഥി ടിസി വാങ്ങിയത്. മൂന്നാം സെമസ്റ്റർ മുതൽ പുതിയ കോളജിൽ പരീക്ഷ എഴുതാം.