തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ അഖിൽ എന്ന വിദ്യാർഥിയെ കുത്തിയ കേസിലെ മുഖ്യപ്രതികൾ പൊലീസ് പിടിയിൽ. കേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്. തിരുവനന്തപുരം കേശവദാസപുരത്ത് നിന്ന് ഇന്നലെ അര്‍ധരാത്രിയോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
സുഹൃത്തിൻ്റെ വീട്ടിലേക്ക് രക്ഷപെടുന്നതിനായി ഓട്ടോയിൽ കേശവദാസപുരത്ത് വന്നിറങ്ങിയ പ്രതികളെ കൻ്റോൺമെൻ്റ് സിഐ അനിൽകുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കേസിൽ ഇതുവരെ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച എട്ട് പേരിൽ അഞ്ച് പേരും പൊലീസ് പിടിയിലായി. പ്രതികൾക്കായി അർധരാത്രി സ്റ്റുഡൻസ് സെൻ്ററിലും യൂണിവേഴ്സിറ്റി ഹോസ്റ്റലിലും പൊലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഇരുമ്പ് ദണ്ഡ് ഉൾപ്പെടെയുള്ള ആയുധങ്ങൾ പൊലീസ് കണ്ടെത്തി. ഇന്നലെ വൈകീട്ട് പ്രതികളുടെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതികൾ ഇപ്പോൾ കൻ്റോൺമെൻ്റ് സ്റ്റേഷനിലാണുള്ളത്. തെളിവെടുപ്പ്, ആയുധം കണ്ടെത്തൽ തുടങ്ങിയ നടപടി ക്രമങ്ങൾ ഇന്ന് നടക്കും.