തിരുവനന്തപുരം: പരാതിയിൽ നിന്നും പിൻമാറുന്നുവെന്ന വാർത്ത നിഷേധിച്ച് യൂണിവേഴ്‌സിറ്റി കോളജിൽ ആക്രമണത്തിന് ഇരയായ അഖിലിന്‍റെ ബന്ധുക്കൾ. പ്രതികളെ പിടികൂടുന്നത് വരെ പിന്നോട്ട് പോകില്ല. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് അഖിലിന്റെ നെഞ്ചിൽ തന്നെ കുത്തിയത്. കഴിഞ്ഞ വർഷവും അഖിലിന് കോളജിൽ വച്ച് മർദനമേറ്റിരുന്നുവെന്നും അന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇടപെട്ടാണ് പ്രശ്നം ഒത്തു തീർപ്പാക്കിയതെന്നും അഖിലിന്‍റെ പിതൃസഹോദരൻ സതീഷ് കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.
പവർ ലിഫ്റ്റിങില്‍ കഴിഞ്ഞ വർഷം കേരള യൂണിവേഴ്സിറ്റി ചാമ്പ്യനായതിന്റെ പിറ്റേ ദിവസം കോളജിലെത്തിയ അഖിലിനെ യൂണിയൻ ഓഫീസിന് മുന്നിൽ ബൈക്ക് വച്ചുവെന്ന് ആരോപിച്ച് ഒരു വിഭാഗം എസ്‌എഫ്‌ഐക്കാർ തല്ലി. അന്ന് ഇക്കാര്യം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹം എസ്‌എഫ്‌ഐക്കാരെ വിളിച്ചു വരുത്തി ശാസിക്കുകയും ചെയ്‌തു. കുത്തിയത് കൊലപ്പെടുത്താൻ വേണ്ടി തന്നെയാണെന്ന് സതീഷ് കുമാര്‍ ആവര്‍ത്തിച്ചു.
പരാതിയിൽ നിന്ന് പിന്നോട്ടു പോയെന്ന മട്ടിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. കുറ്റവാളികളെ പിടികൂടാൻ സുപ്രീം കോടതി വരെ വേണമെങ്കിലും പോകും. കുറ്റവാളികൾ അറസ്റ്റിലാകുമെന്ന് സിപിഎം നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ട്. കേസിലെ രണ്ട് പ്രതികൾ പിഎസ്‌സിയുടെ പൊലീസ് ലിസ്റ്റിലെ റാങ്കുകാരാണ്. ഇവരെ പൊലീസ് സര്‍വീസില്‍ കയറാൻ അനുവദിക്കില്ലെന്നും സതീഷ് കുമാര്‍ പറഞ്ഞു.