തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഘർഷത്തിൽ പ്രതിപ്പട്ടിക നീട്ടി പൊലീസ്.17 പേരടങ്ങുന്നതാണ് പുതിയ പ്രതി പട്ടിക. കോളജിന് പുറത്തു നിന്നുള്ളവരും സംഘർഷത്തിൽ പങ്കെടുത്തുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. അഖിലിനെ കുത്തിയ കേസിൽ 13 പേർക്കെതിരെയാണ് പരാതി നൽകിയിരുന്നത്. കൂടാതെ കോളജിന് പുറത്തു നിന്നുള്ളവരും ഉണ്ടായിരുന്നതായി പരാതിയിൽ പറഞ്ഞിരുന്നു.
പൊലീസ് ആക്രമിച്ച കേസിലെ പ്രതിയായ ഹൈദർ, നന്ദകിഷോർ എന്നിവരും പുറത്തു നിന്ന് എത്തിയതായും പരാതിയില്‍ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത്. പുതിയ പ്രതി പട്ടിക ഇന്ന് കോടതിയിൽ സമർപ്പിക്കും.
കേസിലെ പ്രധാന പ്രതികളായ ശിവ രഞ്ജിത്തിനേയും നസീമിനേയും ഉൾപ്പെടെ 5 പേരെ ഇന്നലെ റിമാന്‍റ് ചെയ്തിരുന്നു. പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ കോളജിലെത്തി അക്രമം ഉണ്ടാക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു.