തിരുവനന്തപുരം: സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭ സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് വിട്ടു. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്ന സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തുന്ന സര്‍വകലാശാല ഭേദഗതി ബില്ലാണ് സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് വിട്ടത്. യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവും സര്‍വകലാശാലകളെ രാഷ്‌ട്രീയവത്‌കരിക്കാന്‍ ഉദ്ദേശിച്ചുള്ളതുമായ ബില്‍ പിന്‍വലിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ തടസവാദം തള്ളിയാണ് ബില്‍ സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ടത്.
അഞ്ച് അംഗങ്ങളടങ്ങിയ സെര്‍ച്ച് കമ്മിറ്റി തെരഞ്ഞെടുക്കുന്ന മൂന്ന് അംഗങ്ങളടങ്ങിയ വിദഗ്‌ധരുടെ സമിതിയില്‍ നിന്ന് ചാന്‍സലറായ ഗവര്‍ണര്‍ക്ക് ഒരാളെ വൈസ് ചാന്‍സലറായി തെരഞ്ഞെടുക്കാന്‍ കഴിയുന്നതാണ് പുതിയ ബില്ലെന്ന് ബില്ല് അവതരിപ്പിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. അതിനാല്‍ ഗവര്‍ണറുടെ അധികാരം കവരുന്നതാണ് ബില്ലെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി അറിയിച്ചു
ബില്‍ യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് മാത്രമല്ല 2018ലെ യുജിസി ചട്ടപ്രകാരം സെര്‍ച്ച് കമ്മിറ്റി അംഗങ്ങള്‍ എത്രയെന്നോ ആരെല്ലാമായിരിക്കണമെന്നോ വ്യക്തമാക്കുന്നില്ല. സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയാണ് ബില്‍ പ്രകാരം രൂപീകൃതമാകുന്നത്. തന്‍റെ പ്രതിനിധി ഉള്‍പ്പെടുന്നതിനാല്‍ ചാന്‍സലറുടെ വിവേചനാധികാരം കുറയുന്നില്ലെന്നും അതിനാല്‍ പ്രതിപക്ഷത്തിന്‍റെ തടസവാദങ്ങള്‍ നിലനില്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാന സര്‍വകലാശാലകള്‍ യുജിസി റെഗുലേഷന്‍ പാലിക്കണമെന്ന് വ്യവസ്ഥയില്ലെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഇത്തരത്തിലുള്ള നിയമനിര്‍മാണത്തിന് നിയമസഭകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും മന്ത്രി രാജീവ് വ്യക്തമാക്കി. എന്നാല്‍ ബില്ല് സര്‍ക്കാര്‍ താത്‌പര്യ പ്രകാരമുള്ളതാണെന്ന് തടസവാദമുന്നയിച്ച പി.സി വിഷ്‌ണുനാഥ് ആരോപിച്ചു. ബില്‍ ചാന്‍സലര്‍മാരുടെ അധികാരം വെട്ടിക്കുറയ്‌ക്കുന്നതാണെന്നും ബില്ല് കോടതിയില്‍ പരാജയപ്പെടുമെന്നും വിഷ്‌ണുനാഥ് കൂട്ടിച്ചേര്‍ത്തു. സബ്‌ജക്‌ട് കമ്മിറ്റി അംഗീകരിക്കുന്നതോടെ ബില്‍ വീണ്ടും നിയമസഭ ചര്‍ച്ച ചെയ്‌ത് പാസാക്കും.