ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ മെയ് 15-ന് കേരളത്തിലെത്തും. സന്ദര്‍ശനവേളയില്‍ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്ന അദ്ദേഹം കേരളത്തിലെ ബിജെപി നേതാക്കളുമായും കൂടിക്കാഴ്‌ച നടത്തും. നേരത്തെ ഏപ്രില്‍ 29-ന് നിശ്ചയിച്ചിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കേരള സന്ദര്‍ശനം മാറ്റിവച്ചിരുന്നു.
2024 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും അമിത്‌ഷായുടെ സന്ദര്‍ശനത്തിനുണ്ട്. എസ്‌ഡിപിഐ - ആര്‍എസ്എസ് സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നേരത്തെ കേരള ബിജെപി നേതൃത്വം കേന്ദ്ര ആഭ്യന്തരമന്ത്രിയെ കാണാനിരുന്നത്. ഔദ്യോഗിക കാരണങ്ങളെ തുടര്‍ന്നാണ് മുന്‍പ് നിശ്ചയിച്ചിരുന്ന യാത്ര റദ്ദാക്കിയതെന്ന് നേരത്തേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
വരുന്ന മൂന്നാഴ്‌ചയില്‍ കേരളം ഉള്‍പ്പടെ ഏഴ് സംസ്ഥാനങ്ങളിലേക്കാണ് അമിത്‌ഷായുടെ യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമബംഗാളിലാണ് കേന്ദ്രമന്ത്രി ഉള്ളത്. മെയ് 9 ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അസമില്‍ എത്തുന്ന അദ്ദേഹം സംസ്ഥാനസര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷിക ആഘോഷമുള്‍പ്പടെ നിരവധി പരിപാടികളില്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മെയ് 14 ന് തെലങ്കാനയില്‍ എത്തുന്ന അമിത് ഷാ, ബിജെപി സംസ്ഥാന പ്രസിഡന്‍റ് ബന്ധി സഞ്‌ജയ് കുമാര്‍ നേതൃത്വം നല്‍കുന്ന "പ്രജാ സംഗ്രമ യാത്ര"യുടെ സമാപന സമ്മേളത്തില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. രംഗറെഡ്ഡി ജില്ലയിലാണ് പരിപാടികള്‍ നടക്കുന്നത്. ഇവിടെ നിന്നുമാണ് അദ്ദേഹം കേരളത്തിലേക്ക് യാത്ര തിരിക്കുന്നത്.
ഉത്തരാഖണ്ഡില്‍ മെയ് 20 ന് ഒരുദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന ഷാ ഔദ്യോഗിക, പാർട്ടി പരിപാടികളിൽ പങ്കെടുക്കുകയും ബിജെപി പ്രവർത്തകരുമായി സംവദിക്കുകയും ചെയ്യും. അരുണാചല്‍ പ്രദേശില്‍ മെയ് 21, 22 തിയ്യതികളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി എത്തുന്നത്. മെയ് 27 ന് മഹാരാഷ്‌ട്രയിലും, 28-29 തീയതികളില്‍ ഗുജറാത്തിലും പര്യടനം നടത്തുന്ന അദ്ദേഹം നിരവധി പരിപാടികളിലും പങ്കെടുക്കുമെന്ന് കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു.