തിരുവനന്തപുരം : സംസ്ഥാനത്ത് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാർഥ്യമാകുന്നു. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ പ്രഖ്യാപനം ഫെബ്രുവരി 19ന് കോവളം വെളളാറിലെ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
പഞ്ചായത്ത്, നഗരകാര്യ, ഗ്രാമവികസന, നഗര-ഗ്രാമാസൂത്രണ വകുപ്പുകളെയും തദ്ദേശ സ്വയംഭരണ എഞ്ചിനീയറിങ് വിഭാഗത്തെയും സംയോജിപ്പിച്ചാണ് പദ്ധതി. വകുപ്പുകളുടെ സംയോജനത്തിന് മുൻപ് കഴിഞ്ഞ വർഷങ്ങളിൽ പഞ്ചായത്ത് ദിനാഘോഷവും, മുനിസിപ്പൽ ദിനാഘോഷവുമൊക്കെ നടത്തിയിരുന്നു. വകുപ്പ് സംയോജനം യാഥാർഥ്യമാകുന്ന സാഹചര്യത്തിൽ ഇനി മുതൽ തദ്ദേശ സ്വയംഭരണ ദിനാഘോഷമാണ് സംഘടിപ്പിക്കുക.
തദ്ദേശ സ്വയംഭരണ ദിനാഘോഷം ഗ്രാമ-നഗര സംവിധാനങ്ങൾ ഒന്നിച്ച് നടത്തുന്നതിനാൽ ത്രിതല പഞ്ചായത്ത് അസോസിയേഷനുകളെ കൂടാതെ മുനിസിപ്പൽ ചെയർമാൻ, മേയർ അസോസിയേഷനുകളും സംഘാടക സമിതിയുടെ ഭാഗമായിട്ടുണ്ട്.
Also Read: പരിഹാരമായില്ല; കെഎസ്ഇബിയില്‍ തർക്ക പരിഹാരത്തിന് നാളെ യൂണിയനുകളുമായി ചര്‍ച്ച
അഞ്ച് വകുപ്പുകളിലുള്ള മുപ്പതിനായിരത്തിലേറെ ജീവനക്കാരെ ഏകീകരിച്ചാണ് നടപടി. ഇതോടെ ത്രിതല പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും ഇടയിലുള്ള സഹകരണം വർധിക്കുമെന്നും ഇപ്പോൾ നേരിടുന്ന ഏകോപനമില്ലായ്‌മയ്ക്ക് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി വിതരണവും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലും മഹാത്മ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലും മികച്ച പ്രകടനം കാഴ്‌ചവച്ചവയ്ക്കുള്ള പുരസ്‌കാര വിതരണവും തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിൽ നടക്കും.