കളിയിക്കാവിള: പാറശ്ശാലയ്ക്ക് സമീപം കേരള- തമിഴ്‌നാട് അതിർത്തിയില്‍ കളിയിക്കാവിളയിൽ ജോലിക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ അജ്ഞാതസംഘം വെടിവെച്ച് കൊലപ്പെടുത്തി. കളിയിക്കാവിള സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ എസ്.എസ്.ഐ വിൻസന്‍റിനെയാണ് (58) അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്.
രാത്രി 10 മണിയോടെയാണ് സംഭവം. ഈ സമയം ഔട്ട്‌പോസ്റ്റില്‍ രണ്ട് പേർ മാത്രമാണ് ജോലിക്കുണ്ടായിരുന്നത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ വിൻസന്‍റ് നിന്ന അതിർത്തി ഔട്ട്പോസ്റ്റിനു നേരെ നാല് തവണ വെടിവെയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിൻസന്‍റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഉന്നത പൊലീസ് സംഘം സംഭവ സ്ഥലം സന്ദർശിച്ചു.