തിരുവനന്തപുരം: മൂന്നാം തവണയും പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ പനച്ചമൂട് ഡിവിഷനിൽ മത്സരിക്കുകയാണ് അമ്മാവനും അനന്തരവനും. വ്യത്യസ്‌ത പാർട്ടികളിലായാണ് ഇരുവരും മത്സരിക്കുന്നത്. അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ഉൾപ്പെടെ നിരവധി സമരങ്ങൾ കാഴ്‌ചവച്ച് സിപിഎമ്മിന്‍റെ സജീവ പ്രവർത്തകനായ എം വത്സലൻ നായരും സഹോദരിയുടെ പുത്രനും ബിജെപി ജില്ലാ വൈസ് പ്രസിഡന്‍റ് ബിജു ബി നായരുമാണ് മലയോരമേഖലയിലെ വോട്ടർമാരുടെ ചർച്ച വിഷയം.
വെള്ളറട ഗ്രാമ പഞ്ചായത്തിലെ കരിക്കമകോട് വാർഡിൽ കഴിഞ്ഞ അഞ്ച് തവണയായി അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ച വത്സലൻ നായർ ഒരു തവണ മാത്രമേ പരാജയം എന്തെന്ന് അറിഞ്ഞിട്ടുള്ളൂ. കരിക്കമൻകോട്, മുണ്ടനാട് വാർഡുകളിലായി മൂന്ന് തവണ ജനവിധി തേടിയിട്ടുള്ള ബിജു ബി നായർ രണ്ടു തവണയും അമ്മാവനെതിരെയായിരുന്നു മത്സരിച്ചത്.
2015ൽ കരിക്കകംകോട് വാർഡിൽ അമ്മാവനെയും അനന്തരവനെയും പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാർഥിയായിരുന്നു വിജയിച്ചത്. ആദ്യമായിട്ടാണ് ഇരുവരും ബ്ലോക്ക് ഡിവിഷനിൽ ജനവിധി തേടുന്നത്. യുഡിഎഫിന് ഉള്ളിലെ ഗ്രൂപ്പ് പോരിൽ പനച്ചമൂട് ബ്ലോക്ക് ഡിവിഷനിലെ സ്ഥാനാർഥി നിർണയം കീറാമുട്ടിയായി നിൽക്കുമ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ഈ അമ്മാവനും അനന്തരവനും.