തിരുവനന്തപുരം: യുദ്ധഭീതി അകന്നു... യുക്രൈനിൽ കുടുങ്ങിക്കിടന്ന 19 മലയാളി വിദ്യാർഥികൾ ഇന്ന് (ഞായർ) വൈകിട്ട് 6.35ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മാതാപിതാക്കളും മക്കളെ സ്വീകരിക്കാനെത്തിയിരുന്നു.
സ്വന്തം നാട്ടിൽ സുരക്ഷിതമായി തിരിച്ചെത്തിയെങ്കിലും ദുരന്തമുഖത്തെ ഭയാശങ്കയും ഭീതിയും വിദ്യാർഥികളുടെ കണ്ണുകളിൽ നിന്നും പൂർണമായും മാഞ്ഞിട്ടില്ല. തങ്ങൾ സുരക്ഷിതമായി തിരിച്ചെത്തിയെങ്കിലും യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന സുഹൃത്തുക്കളായ മറ്റു വിദ്യാർഥികളുടെ അവസ്ഥയോർത്ത് അവരിപ്പോഴും ആശങ്കാകുലരാണ്.
READ MORE:യുക്രൈൻ രക്ഷാദൗത്യം: നാല് മലയാളി വിദ്യാർഥികൾ കൂടി കേരളത്തിലെത്തി
നാട്ടിൽ തിരിച്ചെത്താൻ അനുഭവിക്കേണ്ടിവന്ന യാതനകളും വിദ്യാർഥികൾ പങ്കുവച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലുകൾ നാട്ടിൽ തിരിച്ചെത്തുന്നതിന് കൂടുതൽ സഹായകരമായി. അതിർത്തികളിൽ മണിക്കൂറുകളോളം കഴിയേണ്ടിവന്നു. റൊമാനിയൻ സർക്കാരും സഹായിച്ചതായി വിദ്യാർഥികൾ പറയുന്നു.
നാട്ടിൽ സുരക്ഷിതമായി തിരിച്ചെത്തിയെങ്കിലും തുടർ പഠനത്തെ കുറിച്ച് വിദ്യാർഥികൾ ഇപ്പോഴും ആശങ്കയിലാണ്. നിലവിലെ പ്രതിസന്ധികൾ മറികടന്ന് യുക്രൈൻ സമാധാനാന്തരീക്ഷത്തിൽ തിരിച്ചെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ഇവർ.