തിരുവനന്തപുരം : കെ റെയില്‍ പദ്ധതി കേരളത്തിന് പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ ആഘാതം സൃഷ്‌ടിക്കുമെന്ന് ആരോപിച്ച് യുഡിഎഫിന്‍റെ ജനകീയ മാര്‍ച്ചും ധര്‍ണയും. ശനിയാഴ്‌ച (18.12.21) സെക്രട്ടേറിയറ്റിന് മുന്നിലും സില്‍വര്‍ ലൈന്‍ കടന്ന് പോകുന്ന പത്ത് ജില്ല കലക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
സില്‍വര്‍ ലൈനിന്‍റെ അന്തിമ സാധ്യത റിപ്പോര്‍ട്ടും പദ്ധതി രേഖയും കെട്ടിച്ചമച്ചതാണെന്ന് സെമി ഹൈസ്‌പീഡ് റെയില്‍ പദ്ധതിക്ക് വേണ്ടി പ്രാഥമിക സാധ്യതാപഠനം നടത്തിയ ഇന്ത്യന്‍ റെയില്‍വെയുടെ ചീഫ് എഞ്ചിനീയറായിരുന്ന അലോക് വര്‍മ്മയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ യുഡിഎഫ് നടത്തുന്ന സമരത്തിന്‍റെ പ്രസക്തി വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു.
മെട്രോമാന്‍ ഇ ശ്രീധരനും പരിസ്ഥിതി പ്രവര്‍ത്തകനായ മാധവ് ഗാര്‍ഗിലും ഈ പദ്ധതിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനം യുഡിഎഫ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് സമാനമാണെന്നും ഹസന്‍ പറഞ്ഞു. ജനകീയ മാര്‍ച്ചിന്‍റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ നിര്‍വഹിക്കും.
സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. കോട്ടയം കലക്‌ടറേറ്റിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോഴിക്കോട് പികെ കുഞ്ഞാലിക്കുട്ടിയും പത്തനംതിട്ടയില്‍ പിജെ ജോസഫും ഉദ്ഘാടനം ചെയ്യും.
Also Read: കെ റെയിൽ സിൽവർ ലൈൻ; വികസനത്തിന് അന്ത്യം കുറിക്കുമെന്ന് വിഡി സതീശന്‍
ആലപ്പുഴയില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും കൊല്ലത്ത് ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി എഎ അസീസും തൃശൂരില്‍ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി ദേവരാജനും മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും കണ്ണൂരില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് ടി സിദ്ദീഖ് എംഎല്‍എയും കാസര്‍കോഡ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമും ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു.