തിരുവനന്തപുരം : ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് രാജ്ഭവന് മുന്നില്‍ യുഡിഎഫ് എംപിമാര്‍ ധര്‍ണ നടത്തി. ജനവികാരം മാനിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ലെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് നിയുക്ത കെപിസിസി പ്രസിഡന്‍റും എംപിയുമായ കെ. സുധാകരന്‍ പറഞ്ഞു.
Also Read: ജനവിരുദ്ധതയാണ് രാജ്യദ്രോഹം ; ഐഷ സുല്‍ത്താനയ്‌ക്ക് പിന്തുണയുമായി സ്‌പീക്കർ
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ മത്സരിക്കുന്നു. വാക്‌സിന്‍ ലഭ്യമാക്കാനാണ് വിലവര്‍ധനവ് എന്ന ന്യായം പച്ചക്കള്ളമാണ്. പെട്രോള്‍ നികുതിയില്‍ കിട്ടിയ തുകയും വാക്‌സിന്‍ നല്‍കിയ ആളുകളുടെ എണ്ണവും പരിശോധിച്ചാല്‍ അത് മനസിലാകുമെന്നും സുധാകരന്‍ പറഞ്ഞു.
ധര്‍ണയ്ക്ക് ശേഷം യുഡിഎഫ് എംപിമാര്‍ രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ചടങ്ങില്‍ എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്‍റോ ആന്‍റണി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഹൈബി ഈഡന്‍, അബ്ദുള്‍ സമദ് സമദാനി, രമ്യ ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.