തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയമായാണ് പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിച്ചത്. സംസ്ഥാനത്തെ അഴിമതിവിരുദ്ധ സംവിധാനങ്ങളെ സർക്കാർ ദുർബലപ്പെടുത്തുന്നുവെന്നാരോപിച്ച് സണ്ണി ജോസഫ് എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ലോകായുക്ത നിയമത്തെ അട്ടിമറിച്ചുവെന്നാണ് നോട്ടീസിൽ ആരോപിച്ചിരിക്കുന്നത്. ഈ സമ്മേളന കാലത്തെ ആദ്യ അടിയന്തര പ്രമേയമായി ലോകായുക്ത വിഷയം പ്രതിപക്ഷം ഉന്നയിച്ചിരിക്കുകയാണ്. ലോകായുക്ത നിയമം ഭേദഗതി ഓർഡിനൻസ് ഗവർണർ ഒപ്പുവച്ച സാഹചര്യത്തിൽ പ്രതിപക്ഷത്തിൻ്റെ നീക്കം രാഷ്ട്രീയ ലക്ഷ്യമിട്ടുള്ളതാണ്.
ലോകായുക്ത നിയമഭേദഗതിയിൽ ഒപ്പിട്ട ഗവർണർക്കെതിരെ പ്രതിപക്ഷം രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തിന് അവസരം ഉണ്ടായിരിക്കെ അടിയന്തരമായി വിഷയം ഉന്നയിക്കുന്നത് അനുചിതമാണെന്ന് സ്പീക്കർ പ്രതികരിച്ചു. നിലവിലെ കീഴ്വഴക്കങ്ങളും രീതിയും ആലോചിച്ചു വേണം പ്രമേയ അവതാരകൻ നോട്ടീസ് അവതരിപ്പിക്കാനെന്നും സ്പീക്കർ പറഞ്ഞു.
നോട്ടീസിന് മറുപടി നൽകിയ നിയമമന്ത്രി പി. രാജീവും ഗവർണർ ഒപ്പുവച്ച ഓർഡിനൻസിനെതിരെ സഭയിൽ അടിയന്തര പ്രമേയം ഉന്നയിക്കുന്നതിൽ വിയോജിപ്പ് അറിയിച്ചു. ലോകായുക്ത നിയമം ഭേദഗതിയുമായി ബന്ധപ്പെട്ട എന്ത് ചർച്ചയ്ക്കും സർക്കാരിന് മടിയില്ല. പൊതുസമൂഹത്തിനുള്ള തെറ്റിദ്ധാരണ മാറ്റാന്‍ ഇതിലൂടെ സഹായിക്കുമെന്ന് പി രാജീവ് പറഞ്ഞു.
ALSO READ: വധ ഗൂഢാലോചന; ദിലീപിന്‍റെ സഹോദരൻ അനൂപിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു