തിരുവനന്തപുരം : ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് മുതല്‍. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് മുന്നിലും മറ്റ് ജില്ലകളില്‍ കലക്‌ടറേറ്റുകളിലുമായാണ് പ്രതിഷേധ പരിപാടികള്‍. സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് വർധനയും നികുതി വർധനയും അടക്കമുള്ള പ്രഖ്യാപനങ്ങള്‍ക്കെതിരെയാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.
ഇന്ന് വൈകുന്നേരം നാലിന് ആരംഭിക്കുന്ന രാപ്പകല്‍ സമരം നാളെ രാവിലെ പത്ത് മണിയോടെയാകും അവസാനിക്കുക. പ്രതിഷേധത്തിന്‍റെ സംസ്ഥാനതല ഉദ്‌ഘാടനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കോഴിക്കോട് നിര്‍വഹിക്കും. ഭാരത് ജോഡോ യാത്രയ്‌ക്ക് ശേഷം രാഹുല്‍ ഗാന്ധി വയനാട്ടില്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തില്‍ ജില്ലയിലെ സമരം മറ്റൊരു ദിവസം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ മുസ്ലിം ലീഗ് ജില്ല സമ്മേളനത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ പ്രതിഷേധവും മാറ്റിവച്ചിട്ടുണ്ട്. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടക്കുക. പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൃശൂരും പ്രതിഷേധം നയിക്കും.
ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തില്‍ ഇന്ധന സെസില്‍ വര്‍ധനവ് ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ പ്രതിപക്ഷം തുടക്കം മുതല്‍ തന്നെ രൂക്ഷ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച എന്നിവ നിയമസഭ മാര്‍ച്ച് ഉള്‍പ്പടെയുള്ള പ്രതിഷേധ പരിപാടികള്‍ നടത്തി. സംഘര്‍ഷത്തിലായിരുന്നു യുവജനസംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് കലാശിച്ചത്.
ജനരോഷം പുകയുന്ന സാഹചര്യത്തില്‍ ഇന്ധന വില വര്‍ധനവ് ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍, ഈ മാസം 6ന് നിയമസഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ സെസ് വര്‍ധനവ് പിന്‍വലിക്കില്ലെന്നും പ്രഖ്യാപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കെതിരെ സമരം ശക്തിപ്പെടുത്താന്‍ പ്രതിപക്ഷം തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ ഈഗോയും പിടിവാശിയും മൂലമാണ് നികുതി വര്‍ധനവ് പിന്‍വലിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ നികുതി നിര്‍ദേശങ്ങളും പിന്‍വലിക്കണമെന്ന അഭിപ്രായമില്ല. പ്രധാനമായും ഇന്ധന സെസ് പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
കേരളത്തില്‍ ആര്‍ക്കും നികുതി വെട്ടിക്കാവുന്ന സ്ഥിതിയാണുള്ളത്. ഈ കെടുകാര്യസ്ഥതയുടെ ഭാരം ജനങ്ങളിലേക്ക് തള്ളി വിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെ പൊതുജന മധ്യത്തില്‍ തുറന്നുകാട്ടുന്ന പ്രതിഷേധം പ്രതിപക്ഷം സംഘടിപ്പിക്കും.
സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഇന്ധന നികുതിയുടെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. അതുകൊണ്ടാണ് ഇത്തരമൊരാവശ്യം പ്രതിപക്ഷം മുന്നോട്ടുവയ്‌ക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു.
സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഏപ്രില്‍ മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. നിലവില്‍ സംസ്ഥാനത്ത് പെട്രോളിന് 107-ഉം ഡീസലിന് 96 രൂപയുമാണ് വില. ഈ സാഹചര്യത്തില്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നതില്‍ പൊതുജനങ്ങളും കടുത്ത അതൃപ്‌തിയിലാണ്.