തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനമൊഴിഞ്ഞതിനെ ചൊല്ലി ബെന്നി ബഹനാനും ഉമ്മന്‍ചാണ്ടിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് യുഡിഎഫ് കണ്‍വീനറായി ചുമതലയേറ്റ എം.എം.ഹസന്‍. കണ്‍വീനര്‍ സ്ഥാനത്തിന്‍റെ പേരില്‍ ബെന്നി ബഹനാനെ ആരെങ്കിലും വേദനിപ്പിച്ചതായി തനിക്ക് തോന്നിയിട്ടില്ലെന്നും അങ്ങനെ സംഭവിച്ചെങ്കില്‍ അത് വ്യക്തമാക്കേണ്ടത് അദ്ദേഹമാണും എം.എം.ഹസന്‍ ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കുന്നുവെന്ന് ബെന്നി ബഹനാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കി. മാധ്യമങ്ങളാണ് അത് വിവാദമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരായ സമരം അവസാനിപ്പിച്ചെന്ന് യുഡിഎഫ് ഒരിക്കലും പറഞ്ഞിട്ടില്ല. പ്രത്യക്ഷ സമരങ്ങള്‍ ഒഴിവാക്കിയെന്നും എന്നാല്‍ സര്‍ക്കാരിനെതിരായ പോരാട്ടം തുടരുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. അതേസമയം ഈ ഭാഗം ഒഴിവാക്കി സമരം അവസാനിപ്പിച്ചുവെന്ന് വാര്‍ത്തകള്‍ നല്‍കി മാധ്യമങ്ങളാണ് വിവാദം സൃഷ്‌ടിച്ചത്. ഇതു സംബന്ധിച്ച് കെ.മുരളീധരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കെപിസിസി പ്രസിഡന്‍റ് മറുപടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷ സര്‍ക്കാരിനെതിരെ ഒരോ ദിവസവും പുതിയ ആരോപണങ്ങളാണ് പുറത്ത് വരുന്നത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം എങ്ങനെ വായമൂടിയിരിക്കുമെന്നും ഹസന്‍ ചോദിച്ചു. ജനങ്ങള്‍ക്കൊപ്പമാണ് യുഡിഎഫ്. എന്നാല്‍ യുഡിഎഫിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. അവരുടെ മുഖ്യശത്രു കോണ്‍ഗ്രസും യുഡിഎഫുമാണ്. സിപിഎമ്മിനും ഇതു തന്നെയാണ് ലക്ഷ്യം. അതിനായി ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാനാണ് സിപിഎം ശ്രമം. ശബരിമല സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇതേ തന്ത്രമാണ് ഇരുകൂട്ടരും പയറ്റിയതെന്നും എം.എം.ഹസന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന് നരേന്ദ്രമോദിയോട് രാജഭക്തിയാണ്. കേന്ദ്ര സര്‍ക്കാരിനെതിരെയോ മോദിക്കെതിരെയോ പിണറായി വിജയന്‍ ഒരക്ഷരം ഉരിയാടാന്‍ തയ്യാറല്ലെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളം ഭരിക്കുന്ന സിപിഎമ്മും തമ്മില്‍ രഹസ്യ ബന്ധമുണ്ട്. എന്നാല്‍ ആടറിയുമോ അങ്ങാടി വാണിഭം എന്നതാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ സ്ഥിതിയെന്നും എം.എം.ഹസന്‍ പറഞ്ഞു. യുഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസ്(എം) ജോസ് പക്ഷത്തിന്‍റെ വിഷയത്തില്‍ ജോസ് കെ.മാണി സിപിഎമ്മിനൊപ്പെം പോയാലും അണികള്‍ പോകില്ലെന്നും കെ.എം.മാണിയെ സിപിഎം വേട്ടയാടിയത് അണികളുടെ മനസിലുണ്ടെന്നും എം.എം.ഹസന്‍ പറഞ്ഞു. ജോസ്.കെ.മാണി പോകുന്നതില്‍ യുഡിഎഫിന് ഒരു കോട്ടവും സംഭവിക്കില്ല. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒരു വാര്‍ഡില്‍ ഒരു സ്ഥാനാര്‍ഥി മാത്രമേ ഉണ്ടാകൂ. കൂടുതല്‍ സംഘടനകള്‍ യുഡിഎഫുമായി സഹകരിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ടെന്നും സിപിഎമ്മിനും ബിജെപിക്കുമെതിരെ നിലപാട് സ്വീകരിക്കുന്ന ആരുമായും യുഡിഎഫ് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കൈകോര്‍ക്കുമെന്നും എം.എം.ഹസന്‍ പറഞ്ഞു.