തിരുവനന്തപുരം : കേരളപ്പിറവി ദിനം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച സര്‍ക്കാരിന്‍റെ ഇരുട്ടടിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് തെരുവിലിറങ്ങാന്‍ യുഡിഎഫും കോണ്‍ഗ്രസും തയ്യാറെടുക്കുന്നു. സാധാരണ മടിച്ചുമടിച്ചാണ് പ്രക്ഷോഭങ്ങളിലേക്ക് കോണ്‍ഗ്രസ് കാലെടുത്തുവയ്ക്കാറെങ്കിലും ഇത്തവണ അല്‍പം മാറ്റം ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുണ്ട്.
വര്‍ധനയുടെ തൊട്ടടുത്ത ദിവസമായ നവംബര്‍ 3ന് തന്നെ പ്രതിഷേധ പ്രകടനവുമായി രംഗത്തിറങ്ങാന്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് കെപിസിസി നേതൃത്വം നിര്‍ദേശം നല്‍കി. ഇന്ന് വൈകിട്ട് ഡിസിസികളുടെ ആഭിമുഖ്യത്തില്‍ ജില്ല തലങ്ങളില്‍ പന്തം കൊളുത്തി പ്രകടനത്തോടെയാണ് പ്രതിഷേധ സമരങ്ങള്‍ക്ക് (Protest march to electricity office) തുടക്കം കുറിക്കുന്നത്. മണ്ഡലം, ബ്ലോക്ക് തലങ്ങളിലും ഇന്ന് പന്തം കൊളുത്തി പ്രകടനത്തിന് ആഹ്വാനമുണ്ട്.
നവംബര്‍ 6ന് രണ്ടുവീതം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരു നിയോജക മണ്ഡലത്തിലെ ഒരു വൈദ്യുതി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും (Electricity rate hike protest). എന്നാല്‍ ഇതുകൊണ്ട് അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനെതിരെ ഡിസംബര്‍ 1 മുതല്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ജനകീയ വിചാരണ, പരിപൂര്‍ണമായും ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തിനെതിരായ ജനകീയ സമര മുഖം തുറക്കുന്നതിനുള്ള അവസരമാക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
ജനകീയ വിചാരണ മുന്‍ നിശ്ചയ പ്രകാരം ഡിസംബര്‍ 1നാണ് ആരംഭിക്കുക. നിയോജകമണ്ഡലം തലത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്‌തിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ വൈദ്യുതി നിരക്കുവര്‍ധന നിലവില്‍ വന്നുകഴിഞ്ഞ സാഹചര്യത്തില്‍ മണ്ഡലം, ജില്ല തലങ്ങളിലെ ജനകീയ വിചാരണ വൈദ്യുതി ചാര്‍ജ് വര്‍ധനയ്‌ക്കെതിരായ പ്രചാരണ വേദിയാക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്.
പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ സാഹചര്യത്തില്‍ ദേശീയ രാഷ്ട്രീയത്തിനൊപ്പം കേരളത്തിലെ സര്‍ക്കാര്‍ വിരുദ്ധ ജനവികാരം ഉയര്‍ത്തിയെടുക്കുന്നതിനുള്ള അവസരമായി കൂടിയാണ് ഈ വിഷയത്തെ യുഡിഎഫ് സമീപിക്കുന്നത്. അതോടൊപ്പം ഏപ്രില്‍ മുതല്‍ വെള്ളക്കര വര്‍ധനയ്ക്ക് വീണ്ടും സര്‍ക്കാര്‍ തയ്യാറെടുക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളുടെ പശ്ചാത്തലം യുഡിഎഫിന്‍റെ വിലക്കയറ്റത്തിനെതിരായ പ്രചാരണത്തിന് കൂടുതല്‍ ജനപിന്തുണ ലഭ്യമാക്കുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും.
വൈദ്യുതി നിരക്ക് വര്‍ധനയ്‌ക്കെതിരെ വിഡി സതീശന്‍ : സര്‍ക്കാര്‍ ജനങ്ങളുടെ പൊതുബോധത്തെയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് വെല്ലുവിളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചിരുന്നു. സര്‍ക്കാര്‍ അഴിമതി ലക്ഷ്യമിട്ട് കാട്ടിയ കെടുകാര്യസ്ഥതയുടെ ഭാരം ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുന്നത് അവരുടെ ക്ഷമ പരീക്ഷിക്കല്‍ കൂടിയാണെന്ന് ഭരണകര്‍ത്താക്കള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.
കോടികള്‍ ചെലവഴിച്ച് കേരളീയം ഉള്‍പ്പടെയുള്ള ധൂര്‍ത്ത് നടത്തുന്നതിന് ഇടയിലാണ് സര്‍ക്കാര്‍ പാവങ്ങളെ ഇത്തരത്തിൽ ചൂഷണം ചെയ്യുന്നത്. സര്‍ക്കാരിന്‍റെ അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിനുണ്ടാക്കിയ നഷ്‌ടം നിരക്ക് വര്‍ധനയിലൂടെ ജനങ്ങളില്‍ നിന്നും ഈടാക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.