തിരുവനന്തപുരം : കേരളത്തില്‍ പൊതു നിരത്തുകളിലെ ഇരുചക്ര വാഹനങ്ങൾക്ക് വേഗത നിയന്ത്രണം നിലവില്‍ വന്നതോടെ സമ്മിശ്ര പ്രതികരണമാണ് ഇരുചക്ര വാഹന യാത്രികർക്ക് പങ്കുവയ്‌ക്കാനുള്ളത്. പുതിയ നിയന്ത്രണങ്ങളനുസരിച്ച് ഓരോ റോഡിലും ഓരോ വേഗതയാണെങ്കിലും സംസ്ഥാനത്തെവിടെയും സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങിയിട്ടില്ല. ഓട്ടോറിക്ഷകള്‍ക്കും സ്‌കൂള്‍ ബസുകള്‍ക്കും മാത്രമാണ് നഗര ഗ്രാമ ഭേദമില്ലാതെ എല്ലായിടത്തും ഒരേ വേഗപരിധി നിര്‍ദേശിച്ചിട്ടുള്ളത്.
ഇന്നു മുതല്‍ നിലവില്‍ വന്ന വേഗ നിയന്ത്രണമനുസരിച്ച് നഗര പരിധിയില്‍ ഇരുചക്ര വാഹനങ്ങളുടെ വേഗം മണിക്കൂറില്‍ 50 കിലോമീറ്ററായി ചുരുക്കിയെങ്കിലും മറ്റു റോഡുകളില്‍ ഇത് 60 കിലോമീറ്ററായി തുടരും. ഗതാഗത യോഗ്യമായ റോഡുകൾ വരട്ടെ എന്നിട്ടാകാം വേഗപരിധി കുറയ്‌ക്കൽ എന്നാണ് വിഷയത്തിൽ ചെറുപ്പക്കാരുടെ പ്രതികരണം. എന്നാൽ റോഡ് അപകടം കുറയ്‌ക്കാൻ പുതിയ തീരുമാനം ഉറപ്പായും നടപ്പാക്കണമെന്നാണ് മുതിർന്നവർ അഭിപ്രായപ്പെട്ടത്.
അതേസമയം ഓരോ റോഡിനും അനുസൃതമായി വാഹനത്തിന്‍റെ വേഗം കൈകാര്യം ചെയ്യാനുള്ള അവബോധം നൽകുകയാണ് ചെയ്യേണ്ടതെന്നും ചിലർ നിർദേശിച്ചു. സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങൾക്കുള്ള വേഗപരിധി ഇന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. എ ഐ ക്യാമറകൾ പ്രവർത്തന സജ്ജമായതിന് പിറകെയാണ് വാഹനങ്ങളുടെ വേഗപരിധി സർക്കാർ പുതുക്കി നിശ്ചയിച്ചത്.
ജൂൺ 14 ന് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു വാഹനങ്ങളുടെ വേഗപരിധി സർക്കാർ പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ വേഗപരിധി പ്രകാരം ഇരുചക്ര വാഹനങ്ങളുടെ വേഗത നഗരത്തിലെ റോഡുകളിൽ 60 കിലോമീറ്ററിൽ നിന്നും 50 കിലോമീറ്ററായും മറ്റെല്ലാ റോഡുകളിലും 70 കിലോമീറ്ററിൽ നിന്നും 60 കിലോമീറ്ററായും പരിമിതപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ ഏറ്റവും കൂടുതൽ അപകടങ്ങളിൽപ്പെടുന്നത് ഇരുചക്ര വാഹനങ്ങളാണെന്ന വിലയിരുത്തലിലാണ് സർക്കാർ ഇരുചക്ര വാഹനങ്ങളുടെ വേഗ പരിധി കുറയ്‌ക്കാൻ തീരുമാനിച്ചത്.
മറ്റ് വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ചത് ഇങ്ങനെ : ഒൻപത് സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് ആറ് വരി പാതയിൽ മണിക്കൂറിൽ 110 കിലോമീറ്റർ, നാല് വരി പാതയിൽ 100 കിലോമീറ്റർ, നാല് വരി സംസ്ഥാന പാത, എം സി റോഡ്, മറ്റ് ദേശീയപാത എന്നിവിടങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ, പ്രധാന ജില്ല റോഡുകൾ, മറ്റ് സംസ്ഥാന പാതകളിലും മണിക്കൂറിൽ 80 കിലോമീറ്റർ, മറ്റു റോഡുകളിൽ മണിക്കൂറിൽ 70 കിലോമീറ്റർ, നഗര റോഡുകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ എന്നിങ്ങനെയാണ് വേഗ പരിധി.
ലൈറ്റ് മീഡിയം, ഹെവി യാത്ര വാഹനങ്ങൾക്ക് ആറ് വരി പാതയിൽ മണിക്കൂറിൽ 95 കിലോമീറ്റർ, നാല് വരി പാതയിൽ 90 കിലോമീറ്റർ, നാല് വരി സംസ്ഥാന പാത, എം സി റോഡ്, മറ്റ് ദേശീയപാത എന്നിവിടങ്ങളിൽ മണിക്കൂറിൽ 85 കിലോമീറ്റർ, പ്രധാന ജില്ല റോഡുകൾ, മറ്റ് സംസ്ഥാന പാതകളിലും മണിക്കൂറിൽ 70 കിലോമീറ്റർ, മറ്റു റോഡുകളിൽ മണിക്കൂറിൽ 60 കിലോമീറ്റർ, നഗര റോഡുകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ എന്നിങ്ങനെയാണ് വേഗ പരിധി.
ലൈറ്റ് മീഡിയം, ഹെവി ചരക്ക് വാഹനങ്ങൾക്ക് ആറ് വരി പാതയിൽ മണിക്കൂറിൽ 80 കിലോമീറ്റർ, നാല് വരി പാതയിൽ 80 കിലോമീറ്റർ, നാല് വരി സംസ്ഥാന പാത, എം സി റോഡ്, മറ്റ് ദേശീയ പാത എന്നിവിടങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ, പ്രധാന ജില്ല റോഡുകൾ, മറ്റ് സംസ്ഥാന പാതകളിലും മണിക്കൂറിൽ 65 കിലോമീറ്റർ, മറ്റു റോഡുകളിൽ മണിക്കൂറിൽ 60 കിലോമീറ്റർ, നഗര റോഡുകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ എന്നിങ്ങനെയാണ് വേഗ പരിധി.