തിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ തെങ്ങിൻ തടി കയറ്റി വെച്ച സംഭവത്തിൽ ഇടവ സ്വദേശികളായ രണ്ടുപേർ പിടിയിൽ. ഇടവ കാണംമൂട് ശൈലജ മൻസിലിൽ ബിജു (30), ഇടവ പാകിസ്ഥാൻ മുക്ക് തൊടിയിൽ സാജിദ്(27) എന്നിവരെയാണ് റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്‌തത്. തിങ്കളാഴ്‌ച രാവിലെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഞായറാഴ്‌ച രാത്രി 12.15 ന് ഇടവ- കാപ്പിൽ സ്റ്റേഷനുകൾക്ക് ഇടയിലായിരുന്നു സംഭവം.
ചെന്നൈ എഗ്‌മോറിൽ- ഗുരുവായൂർ എക്‌സ്പ്രസ് ട്രെയിൻ കടന്നുപോകുന്നതിന് തൊട്ടുമുമ്പ് പ്രതികൾ റെയിൽവേ ട്രാക്കിൽ തടി കയറ്റിവയ്ക്കുകയായിരുന്നു. മദ്യലഹരിയിലാണ് പ്രതികൾ ട്രാക്കിലേക്ക് രണ്ടര അടി നീളം വരുന്ന തെങ്ങിൻ തടി എടുത്തുവച്ചത്. ട്രെയിനിന്‍റെ അടിഭാഗത്ത് തട്ടിയപ്പോൾ ലോക്കോപൈലറ്റ് ട്രെയിൻ നിർത്തി.
തുടർന്ന് റെയിൽവേ അസിസ്റ്റന്‍റ് സെക്യൂരിറ്റി കമ്മീഷണർ എം.ശിവദാസൻ സ്‌ഥലത്തെത്തി. നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊല്ലം റയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് ആണ് അന്വേഷണം നടത്തിയത്. സംഭവത്തെ തുടർന്ന് നിർത്തിയ ട്രെയിൻ നാല് മിനിറ്റിന് ശേഷം യാത്ര തുടര്‍ന്നു.