തിരുവനന്തപുരം : ചിറയിൻകീഴ് പുളിമൂട് കടവിൽ നിയന്ത്രണംവിട്ട കാർ വാമനപുരം പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ചിറയിൻകീഴ് സ്വദേശി മധു (58), ജ്യോതി ദത്ത് (55) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. ആൾട്ടോ കാറാണ് നദിയിലേക്ക് വീണത്. മരണാനന്തര ചടങ്ങിൽ പങ്കെടുക്കുവാൻ പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണംവിട്ട കാര്‍ റോഡില്‍ നിന്ന് തെന്നി പുഴയിലേക്ക് മറിയുകയായിരുന്നു. പാര്‍ശ്വഭിത്തി ഇല്ലാത്തതിനാലാണ് കാര്‍ മറിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു. പുഴയുടെ സമീപമുള്ള റോഡ് ഇടിഞ്ഞതാണ് അപകടത്തിന് കാരണമെന്നും പറയപ്പെടുന്നു. കാർ വെള്ളത്തിലേക്ക് വീഴുന്നത് കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർ ഫോഴ്‌സും പൊലീസും ചേര്‍ന്ന് കാറിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.