തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കാറിൽ കടത്താൻ ശ്രമിച്ച 150 കിലോ നിരോധിത പാൻമസാലയുമായി രണ്ടു പേർ പിടിയിൽ. കരുനാഗപ്പള്ളി സ്വദേശികളായ ഷാജഹാൻ (39) നൗഷാദ് (31) എന്നിവരാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.
വിപണിയിൽ എകദേശം ആറു ലക്ഷത്തിലധികം രൂപ വില വരുന്ന നിരോധിത പാൻമസാലകളാണ് പിടി കൂടിയത്. സ്കൂള്‍-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കളിയിക്കാവിളയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് കടത്തുകയായിരുന്ന പാന്‍മസാലകള്‍.
പാലക്കടവ് ചെക്ക് പോസ്റ്റിൽ നിർത്താതെ പോയ കാറിനെ കുറിച്ച് നെയ്യാറ്റിൻകര റെയ്ഞ്ചില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. 12 ചാക്കുകളിലായാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. പ്രതികൾക്ക് എതിരെ കോൾപ്പാ ആക്ട് പ്രകാരവും, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തു. പ്രതികളെ തിങ്കളാഴ്ച്ച നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.