തിരുവനന്തപുരം: ഈസ്റ്റ് ആഫ്രിക്കയിലെ സീഷെൽസിൽ അകപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളെ കാത്ത് പ്രാർഥനയോടെ രണ്ട് കുടുംബങ്ങൾ. വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം സ്വദേശികളായ ജോണി(34), തോമസ് (50) എന്നിവരാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് അതിർത്തി ലംഘിച്ചതിന് ആഫ്രിക്കൻ പൊലീസിന്‍റെ പിടിയിലായത്. 2022 ഫെബ്രുവരി 22ന് കൊച്ചിയിൽ നിന്നും 5 ബോട്ടുകളിലായി പോയ 59 അംഗ സംഘത്തിലായിരുന്നു ഇരുവരും ഉൾപ്പെട്ടിരുന്നത്. 13 അംഗങ്ങളുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയുടെ ഇൻഫന്‍റ് ജീസസ് എന്ന ബോട്ടിലായിരുന്നു ഇരുവരും ഉണ്ടായിരുന്നത്.
മാര്‍ച്ച് 12നാണ് ഇവർ ഈസ്റ്റ് ആഫ്രിക്കയിലെ സീ ഷെൽസിൽ പിടിയിലായതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുന്നത്. വിഴിഞ്ഞം തീരത്ത് മത്സ്യ ലഭ്യത കുറവായതോടെയാണ് അടുത്ത ബന്ധുക്കളായ ഇരുവരും ജോലി തേടി ബോട്ടിൽ ജോലിക്ക് പോയത്. ഇവരുടെ ആദ്യ യാത്രയിലാണ് ഇരുവരുടെ സീഷെൽസിൽ പിടിയിലായത്.
എത്രയും വേഗം ഇരുവരും മടങ്ങി വരണമെന്ന പ്രാർഥനയിലാണ് ജോണിയുടെ ഭാര്യ ജൻസിയും തോമസിന്‍റെ ഭാര്യ റീനയും. തന്‍റെ 15 ലക്ഷത്തോളം രൂപയുടെ കടബാധ്യത തീർക്കാനാണ് തോമസ് തൊഴിൽ തേടി ദൂരേക്ക് പോയത്. ആഫ്രിക്കൻ പൊലീസ് മെസ് ജീവനക്കാരൻ മുഖാന്തരമാണ് തോമസിന്‍റെ വീട്ടിൽ വിവരം അറിഞ്ഞത്. തങ്ങൾ സുരക്ഷിതരാണെന്നും ഭക്ഷണം ലഭിക്കുന്നുണ്ടെന്നും മാത്രമേ സംസാരിച്ചുള്ളൂവെന്ന് ബന്ധുക്കൾ പറയുന്നു.
പിടിയിലായവരെ ഈ മാസം 21ന് കോടതിയിൽ ഹാജരാക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. കഴിഞ്ഞ ആഴ്‌ചയിൽ ഇന്തോനേഷ്യൻ സേനയും 3 മത്സ്യ തൊഴിലാളികളെ പിടികൂടിയിരുന്നു. കഠിനം കുളം മരിയനാട് സ്വദേശി ജോമോൻ (24), വെട്ടുതുറ ഷിജി ഹൗസിൽ ഷിജിൻ സ്റ്റീഫൻ (29), പുതു കുറിച്ചി തെരുവിൽ തൈവിളാകത്തിൽ ജോൺ ബോസ്കോ(47) എന്നിവരാണ് ഇന്തൊനേഷ്യൻ അതിർത്തി കടന്നതിനെ തുടർന്ന് പിടിയിലായത്.
Also Read: വഖഫ് നിയമനം; മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി