തിരുവനന്തപുരം : കോഴി ഫാമിന്‍റെ മറവിൽ വലിയ രീതിയിൽ കോട തയ്യാറാക്കി സൂക്ഷിച്ച് വ്യാവസായിക അടിസ്ഥാനത്തിൽ ചാരായം വാറ്റി വിൽപ്പന നടത്തിവന്നിരുന്നവരെ എക്സൈസ് സംഘം പിടികൂടി. കോഴി ഫാമിന്‍റെ ഉടമ മൈലവിള അമീനുദ്ദീന്‍ മൻസിലിൽ അബ്ദുള്‍ മജീദിന്‍റെ മകൻ അനസ് (32), സഹായി സുദർശനൻ (47) എന്നിവരെയാണ് വർക്കല എക്സൈസ് സംഘം പിടികൂടിയത്. ഊന്നിന്മൂട് പുതുവൽ കളീക്കൽ പള്ളിക്ക് സമീപമുള്ള കോഴി ഫാമിലാണ് പ്രതികൾ ചാരായവാറ്റ് നടത്തിവന്നിരുന്നത്. ഒരു ലിറ്റർ ചാരായത്തിന് 2000 രൂപ വരെയാണ് ഇവർ ആവശ്യക്കാരിൽ നിന്ന് ഈടാക്കിയിരുന്നത്. സമീപ ജില്ലയിൽ നിന്നുള്ളവർക്ക് പോലും പ്രതികൾ ചാരായം എത്തിച്ചുകൊടുത്തിരുന്നുവെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.നൗഷാദ് അറിയിച്ചു.
ALSO READ: കാസർകോട് കഞ്ചാവും വിദേശ മദ്യവും പിടികൂടി
പ്രതികളെ പിടികൂടുന്ന സമയം വിൽപ്പനയ്ക്ക് തയാറാക്കിവച്ചിരുന്ന 10 ലിറ്റർ ചാരായം, വാറ്റുന്നതിനായി പാകപ്പെടുത്തി ബാരലുകളിൽ സൂക്ഷിച്ചിരുന്ന 500 ലിറ്റർ കോട, ഗ്യാസ് സ്റ്റൗ, സിലിണ്ടർ, മറ്റ് വാറ്റ് ഉപകരണങ്ങൾ, എന്നിവയും കണ്ടെടുത്തിട്ടുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം നൗഷാദ്, പ്രിവന്‍റീവ് ഓഫിസർമാരായ എ. അഷ്‌റഫ്, രതീശൻ ചെട്ടിയാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ് സജീർ, വൈശാഖ്, അഭിഷേക് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.