തിരുവനന്തപുരം:വാഗ്ദാനങ്ങളും പ്രതീക്ഷകളുമായി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം. പഞ്ചായത്ത് തലത്തിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന 22ലക്ഷം തസ്തികകൾ ഒരു വർഷംകൊണ്ട് നികത്തുമെന്നും തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെ 20% വരുന്ന ദരിദ്രർക്ക് ഇരുപതിനായിരം രൂപ പ്രതിവർഷം നൽകുന്നതിലൂടെ ദാരിദ്ര്യത്തിന് എതിരെ മിന്നൽ ആക്രമണമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇതിലൂടെ അഞ്ചുകോടി സ്ത്രീകൾക്ക് അവരുടെ അക്കൗണ്ടിലേക്ക് അഞ്ച് വർഷംകൊണ്ട് മൂന്ന് ലക്ഷം രൂപ എത്തിക്കും. നരേന്ദ്രമോദി വാഗ്ദാനംചെയ്ത 15 ലക്ഷം എന്നതിനുപകരം പാവപ്പെട്ടവർക്കുള്ള കോൺഗ്രസ് പദ്ധതിയാണിത്. ഇതിലൂടെ തകർന്ന ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ പുനരുദ്ധരിക്കും. ന്യായ് പദ്ധതിയിലൂടെ ഇന്ത്യയിലെ തൊഴിലില്ലായ്മ പരിഹരിക്കും. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന 22 ലക്ഷം തസ്തികകൾ ഒരുവർഷംകൊണ്ട് നികത്തും.
സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്ന യുവാക്കൾക്ക് ആദ്യ മൂന്ന് വർഷം സർക്കാർ അനുവാദം ആവശ്യമില്ലെന്നും 2019 നുശേഷം കാർഷിക വായ്പ തിരിച്ചടയ്ക്കാത്ത ഒരു കർഷകനും ജയിലിൽ പോകേണ്ടി വരില്ലെന്നും രാഹുൽ തിരുവന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പറഞ്ഞു