തിരുവനന്തപുരം : നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തും ദുബായ് കോണ്‍സല്‍ ജനറലിന്‍റെ പ്രോട്ടോക്കോള്‍ ലംഘനവും കേരളം ചര്‍ച്ച ചെയ്യുന്നതുപോലെ രാഷ്ട്രീയ വിഷയമല്ലെന്നും അതൊരു നയതന്ത്ര വിഷയമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍. കേസില്‍ സത്യം പുറത്തുവരുമെന്ന് വിശ്വാസമുണ്ട്. നടപടിയെടുക്കേണ്ട സമയത്ത് കേന്ദ്ര സര്‍ക്കാര്‍ അത് ചെയ്യും.
സ്വര്‍ണക്കടത്ത് കേസ് കോടതിയുടേയും അന്വേഷണ ഏജന്‍സികളുടെയും പരിഗണനയിലുള്ള കാര്യമാണ്. ഇതുസംബന്ധിച്ച നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. അന്വേഷണ ഏജന്‍സികളില്‍ വിശ്വാസമുണ്ടെന്നും സത്യം കണ്ടെത്തുന്നതുവരെ കാത്തിരിക്കാമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ ജയ്‌ശങ്കര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടി : ലോക കാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യ മന്ത്രി കഴക്കൂട്ടത്തെ ഫ്ളൈ ഓവര്‍ സന്ദര്‍ശിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിന് രാജ്യത്തെ ജനങ്ങളെ നേരില്‍ കാണുന്നത് എങ്ങനെ രാഷ്ട്രീയമാകുമെന്ന് ജയ്‌ശങ്കര്‍ ചോദിച്ചു. താഴെ തട്ടില്‍ നടക്കുന്ന വികസന കാര്യങ്ങള്‍ അറിയാന്‍ എത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെങ്കില്‍ എന്തുപറയാന്‍.
വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നില്ലെങ്കിലോ പദ്ധതികളെക്കുറിച്ച് അറിവില്ലെങ്കിലോ മന്ത്രിമാര്‍ അവരുടെ ജോലി ചെയ്യുന്നില്ലെന്നാണര്‍ഥം. മോദി സര്‍ക്കാരില്‍ മന്ത്രിമാര്‍ ടീമായാണ് ജോലി ചെയ്യുന്നത്. രാഷ്ട്രീയത്തിനുപരിയായി വികസനം മനസിലാക്കുന്നവര്‍ക്ക് ഇതൊക്കെ തിരിച്ചറിയാനാകും.
തന്‍റെ കേരള സന്ദര്‍ശനത്തില്‍ കൂടുതലും ശ്രദ്ധിച്ചത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായിരുന്നു. വീടുകളിലും കോളനികളിലും വൈദ്യുതി വന്നത് രാഷ്ട്രീയമായി കാണുകയാണെങ്കില്‍ അതവരുടെ കാഴ്ചപ്പാടെന്നേ തനിക്ക് പറയാനുള്ളൂവെന്നും വിദേശ കാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.