തിരുവനന്തപുരം : ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. 52 ദിവസത്തെ ട്രോളിങ് കാലത്തിന് ശേഷമാണ് മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ കടലിലേക്ക് ഇറങ്ങാനൊരുങ്ങുന്നത്. സംസ്ഥാനത്താകെ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോകാനുള്ള അവസാനവട്ട തയാറെടുപ്പിലാണ്.
എന്നാൽ, മഴയുടെ കുറവ് മത്സ്യലഭ്യത കുറയ്ക്കുമെന്ന ആശങ്കയും തൊഴിലാളികൾക്കുണ്ട്. ഏകദേശം 3,500 യന്ത്രവത്‌കൃത ബോട്ടുകളാണ് ഇന്ന് മീൻ പിടിക്കാനായി കടലിലേക്ക് ഇറങ്ങുക. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയും വലകൾ നന്നാക്കിയും മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോകാൻ സജ്ജമാണ്.
ലൈസൻസും രജിസ്‌ട്രേഷൻ നടപടികളും പൂർത്തിയാക്കിയാണ് ബോട്ടുകൾ മത്സ്യബന്ധനത്തിനായി ഇറക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഹാർബറുകളും ഇന്ന് അർധരാത്രി മുതൽ പഴയ തിരക്കിലേക്ക് മാറും. അതേസമയം, ട്രോളിങ് കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ കിട്ടിയിരുന്നെങ്കിലും 4,500 രൂപയുടെ സമ്പാദ്യ ആശ്വാസ പദ്ധതി കിട്ടാത്തതിൽ മത്സ്യത്തൊഴിലാളികൾ പരാതി ഉന്നയിച്ചിരുന്നു.
കടലിൽ 12 നോട്ടിക്കൽ മൈൽ വരെയാണ് നിരോധനമുണ്ടായിരുന്നത്. ഈ പരിധിക്ക് പുറത്ത് കേന്ദ്രസർക്കാറിന്‍റെ ട്രോളിങ് നിരോധനം നിലവിലുണ്ട്. ഇത് ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ മറൈൻ എൻഫോഴ്സ്മെന്‍റും കോസ്റ്റൽ പൊലീസും കടലിൽ പട്രോളിങ് നടത്തിയിരുന്നു.
നീണ്ടകര അഴീക്കലിലും, തങ്കശ്ശേരിയിലും കൺട്രോൾ റൂമുകൾ തുറന്നു. കാലവർഷം ശക്തമാകുമെന്നുള്ള മുന്നറിയിപ്പുള്ളതിനാൽ ജീവൻ രക്ഷാ ഉപകരണങ്ങളില്ലാതെ കടലിൽ പോകുന്ന വള്ളങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നിയന്ത്രണം ലംഘിച്ച് ബോട്ടുകൾ കടലിൽ പോയാൽ രണ്ട് ലക്ഷം രൂപ വരെ പിഴ ചുമത്തും.
ട്രോളിങ് നിരോധനം ആരംഭിച്ചത് ജൂൺ 9 അർധരാത്രി മുതൽ : സംസ്ഥാനത്ത് ജൂൺ 9 ന് അർധരാത്രി 12 മണി മുതലാണ് ട്രോളിങ് നിരോധനം ആരംഭിച്ചത്. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലായിരുന്നു ട്രോളിങ് നിരോധനം സംബന്ധിച്ചുള്ള തീരുമാനം എടുത്തത്. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിന് മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ല കലക്‌ടർമാർ നിർദേശം നൽകുകയും ചെയ്‌തിരുന്നു.
ജൂൺ ഒമ്പതിന് വൈകുന്നേരത്തോടെ മുഴുവന്‍ ട്രോളിങ് ബോട്ടുകളും കടലിൽ നിന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയെന്ന് മറൈൻ എൻഫോഴ്സ്മെന്‍റും കോസ്റ്റൽ പൊലീസും ഉറപ്പാക്കി. ട്രോളിങ് നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചിരുന്നു. ഹാർബറുകളിലും ലാന്‍ഡിംഗ് സെന്‍ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചുപൂട്ടി. എന്നാൽ, ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാനായി അതത് ജില്ലകളിലെ മത്സ്യ ഫെഡിന്‍റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകളെ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാൻ അനുവാദം നൽകി.
ഏകീകൃത കളർ കോഡിംഗ് നടത്തിയിട്ടില്ലാത്ത ബോട്ടുകൾ ട്രോളിങ് നിരോധന കാലയളവിൽ അടിയന്തരമായി ഇത് ചെയ്യണമെന്നും യോഗത്തിൽ നിര്‍ദേശം നൽകിയിരുന്നു. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തിരുന്നു.