തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ നൈല എന്ന സിംഹം പ്രസവിച്ചു. അഞ്ച് വയസ് പ്രായമുള്ള നൈല രണ്ട് കുട്ടികൾക്കാണ് ജന്മം നൽകിയത്. തിങ്കളാഴ്‌ച രാത്രി ഏഴ് മണിയോടെയായിരുന്നു പ്രസവം. മൂന്ന് മാസം മുൻപാണ് നൈല ഗർഭിണിയാണെന്ന വാർത്ത പുറത്തുവന്നത്. തുടർന്ന് നൈലയെ പ്രത്യേകം നിരീക്ഷിച്ചുവരികയായിരുന്നു.
നിലവിൽ രണ്ട് സിംഹക്കുട്ടികളും ആരോഗ്യവാന്മാരാണെന്നാണ് മൃഗശാല അധികൃതർ നൽകുന്ന വിവരം. മൃഗശാലയിൽ പുതുതായി ചുമതലയേറ്റ വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്‍റെ നേതൃത്വത്തിൽ സിംഹക്കുട്ടികളെ നിരീക്ഷിച്ചുവരികയാണ്. നൈലയുടെ കൂട്ടിൽ നേരത്തെ തന്നെ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു.
അടുത്ത കാലം വരെ ആറ് വയസ് പ്രായമുള്ള ലിയോ എന്ന ആൺ സിംഹത്തിനൊപ്പം ഒരേ കൂട്ടിലായിരുന്നു നൈല. എന്നാൽ ഗർഭകാല പരിചരണത്തിന്‍റെ ഭാഗമായി നൈലയെ തൊട്ടടുത്തുള്ള കൂട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഒരു മാസകാലമായി നൈലയെ സന്ദർശകർക്ക് കാണാനാകുന്ന കൂട്ടിൽ നിന്നും മറ്റൊരു കൂട്ടിലേക്കും മാറ്റിയിരുന്നു. നേരത്തെ നൈലക്ക് ആറ് കിലോ ഇറച്ചിയായിരുന്നു ദിവസേന നൽകിയിരുന്നത്. എന്നാൽ ഗർഭകാലത്ത് നൈലയുടെ ആഹാരത്തിന്‍റെ അളവ് കൂട്ടിയിരുന്നു.
അടുത്തിടെ പ്രായാധിക്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന 23 വയസുള്ള ആയുഷ് എന്ന ആൺസിംഹം ചത്ത വാർത്ത മൃഗസ്നേഹികളെ സങ്കടത്തിലാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൃഗശാലയിൽ നിന്നും സന്തോഷ വാർത്ത പുറത്തുവരുന്നത്. ജൂൺ 5ന് തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയിൽ നിന്നാണ് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട സിംഹങ്ങളായ ലിയോയെയും നൈലയെയും തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. മന്ത്രി ജെ ചിഞ്ചു റാണിയാണ് സിംഹങ്ങൾക്ക് പേര് നൽകിയത്. ജൂൺ 15നാണ് ഇരുവരെയും സന്ദർശക കൂട്ടിലേക്ക് മാറ്റിയത്.