തിരുവനന്തപുരം: രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങൾ മാറിയെന്ന് സർക്കാർ കൊട്ടിഘോഷിക്കുമ്പോൾ തലസ്ഥാനത്തെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ ഏക ഗവൺമെന്‍റ് സംസ്‌കൃത വിദ്യാലയം ദിനംപ്രതി നാശോന്മുഖമാകുന്നു. 134 വർഷം പഴക്കമുള്ള കിഴക്കേകോട്ടയിൽ സ്ഥിതി ചെയ്യുന്ന ഗവ. സംസ്‌കൃത ഹൈസ്ക്കൂളിന് അവകാശപ്പെടാനുള്ളത് നൂറ്റാണ്ടുകളുടെ പാരമ്പര്യമാണെങ്കിലും ഭൗതിക സാഹചര്യങ്ങൾ തീർത്തും മോശമായ ഇവിടെ നിലവിൽ അഞ്ച് മുതൽ 10 വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെ ആകെ എണ്ണം വെറും 14, പെൺകുട്ടികൾ രണ്ടാളുകൾ മാത്രം.
വിണ്ടുകീറി ചോർന്നൊലിക്കുന്ന കെട്ടിടങ്ങൾ, പൊട്ടിയ ബെഞ്ചുകളും പൊളിഞ്ഞ ക്ലാസ് മുറികളും, കളിക്കാൻ വിദ്യാർഥികൾക്ക് പേരിനു പോലും ഗ്രൗണ്ടില്ല എന്തിന് കയറിവരാൻ സ്‌കൂളിലേക്ക് നല്ലൊരു കവാടം പോലുമില്ല. ഇത്രയേറെ ശോചനീയാവസ്ഥയുള്ള സ്‌കൂളിലേക്ക് കുട്ടികളെ എങ്ങനെ അയക്കും എന്നതാണ് രക്ഷിതാക്കൾ ചോദിക്കുന്നത്. 30ലധികം വിദ്യാർഥികൾ പഠിച്ചിരുന്ന വർണാഭമായ ഭൂതകാലത്തിൽ നിന്ന് രണ്ടും മൂന്നും വിദ്യാർഥികളിലേക്ക് ഒതുങ്ങിയതിന്‍റെ പ്രധാന കാരണവും ഇതുതന്നെ. സമീപത്തുള്ള സ്‌കൂളുകളിൽ പുതുതായി വരുന്ന മാറ്റങ്ങളും ആഘോഷങ്ങളും കണ്ട് സ്വപ്‌നം കാണാൻ മാത്രമേ ഇവിടുത്തെ വിദ്യാർഥികൾക്ക് സാധിക്കുന്നുള്ളൂ.
സ്‌മാർട്ട് ക്ലാസ് റൂമിനായുള്ള ഉപകരണങ്ങൾ പലരും നൽകിയിട്ടുണ്ടെങ്കിലും സുരക്ഷിതമായ വൈദ്യതി സൗകര്യങ്ങളില്ലാത്തതിനാൽ ഒന്നും ഉപയോഗിക്കാൻ സാധിക്കില്ല. ലോക ഭാഷകളിൽ മാതൃസ്ഥാനമാണ് സംസ്‌കൃതത്തിനുള്ളത്. ഭാരതത്തിന്‍റെ സാംസ്‌കാരികവും ആദ്ധ്യാത്മികവുമായ സമ്പത്തിന്‍റെ കലവറ എന്നാണ് സംസ്‌കൃത ഭാഷയെ വിശേഷിപ്പിക്കുന്നത്. ഇത്തരം ഭാഷകളെ നിലനിർത്താനും പുനരുജീവിപ്പിക്കാനും ആണ് ഇത്തരത്തിലുള്ള ഭാഷ സ്‌കൂളുകൾ സംസ്ഥാനത്ത് നിലനിർത്തിപ്പോരുന്നത്. എന്നാൽ ഭാഷ സ്‌കൂളുകളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനോ ആരും തയ്യാറാവുന്നില്ല എന്നതാണ് യാഥാർഥ്യം. അധ്യാപകരുൾപ്പെടെ സ്‌കൂളിലെ ജീവനക്കാരും പുതുതായി തുടങ്ങിയ പൂർവവിദ്യാർഥി കൂട്ടായ്‌മയുടെയും കാരുണ്യം കൊണ്ട് മാത്രമാണ് അത്യാവശ്യ സൗകര്യങ്ങളിലൂടെ മാത്രം ഈ വിദ്യാലയം മുന്നോട്ട് കിതയ്ക്കുന്നത്.