തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാറില്‍ നിന്ന് വിവാദ കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കി സംസ്ഥാന സർക്കാർ. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സെബി കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ രംഗത്തെത്തിയിരുന്നു. എം.ശിവശങ്കര്‍ സര്‍ക്കാരിന് വേണ്ടി ഏര്‍പ്പെട്ട എല്ലാ കരാറുകളും പുനപരിശോധിക്കണമെന്ന് ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് 3500 കോടി രൂപയുടെ ഇലക്‌ട്രിക്കല്‍ ബസ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന് സര്‍ക്കാര്‍ സ്ഥാപനമായ കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ പ്രോജക്ട് മാനേജരായി നിയമനം നല്‍കിയതും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സാണ്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്വപ്‌ന ഇത്രയും വലിയ സ്ഥാനത്തേക്ക് നിയമനം നേടയതെന്നും നിയമനത്തിന് പിന്നില്‍ ശിവശങ്കറാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങളെല്ലാം നിലനില്‍ക്കേയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ ഇ-മൊബിലിറ്റിയുടെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കരാറിന് പിന്നില്‍ മുഖമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട എം.ശിവശങ്കറാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. കരാര്‍ നിയമപ്രകാരമാണെന്നും ഇക്കാര്യത്തില്‍ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും പ്രതിപക്ഷത്തിന്‍റെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. കമ്പനിയുടെ ഓഡിറ്റ് വിഭാഗത്തിന് മാത്രമാണ് സെബി നിയന്ത്രണമുള്ളതെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.