തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ അറിവോടെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ വിതുര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ. പാലോട് കള്ളിപ്പാറ റോസ്ഹില്ലിൽ അനൂപ് (39) ആണ് റിമാൻഡിലായത്. തിരുവനന്തപുരം പോക്‌സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങൾ കാരണം പൊലീസ് സ്‌റ്റേഷനിൽ പരാതി നിലനിൽക്കുന്നുണ്ടായിരുന്നു. ഇവിടെ വച്ച് പ്രതി പെൺകുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായി. കേസിൽ അനുകൂല നിലപാട് സ്വീകരിക്കാമെന്നും സഹായങ്ങൾ ചെയ്യാമെന്നും വാഗ്‌ദാനം ചെയ്‌തു. തുടര്‍ന്ന് പ്രതി പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരമായി പോകുകയും പലതവണ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഇക്കാര്യം പെൺകുട്ടി അമ്മയോട് പറഞ്ഞെങ്കിലും അവര്‍ പ്രതിയുടെ പ്രവർത്തികൾക്ക് കൂട്ടുനില്‍ക്കുകയാണുണ്ടായത്.
ALSO READ:Kannur Hisham Murder | ഹിഷാമിനെ കുത്തിക്കൊന്ന കേസ് ; രണ്ടുപേർ പിടിയിൽ
പെൺകുട്ടിയുടെ അമ്മ കേസിൽ രണ്ടാം പ്രതിയാണ്. കേസിലെ ഒന്നാം പ്രതി അനൂപിൻ്റെ ജാമ്യാപേക്ഷ കോടതി പല തവണ തള്ളി. ഇതേ തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് വിതുര പൊലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹജരാക്കിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജെ.കെ. അജിത് പ്രസാദ് ഹാജരായി.