തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെ ആരോപണങ്ങൾ ശക്തമാകുന്നതിനിടെ ഇടത് മുന്നണി യോഗം നാളെ ചേരും. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി എൻഐഎ കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് യോഗം ചേരുന്നത്. അതുകൊണ്ട് തന്നെ സ്വർണക്കടത്ത് വിവാദം പ്രധാന ചർച്ച വിഷയമാകും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റാൻ വൈകിയതിലെ അതൃപ്തി സിപിഐ യോഗത്തിൽ ഉന്നയിക്കും. സ്‌പ്രിംഗ്ലർ ഇടപാട് വിവാദമായപ്പോൾ തന്നെ ശിവശങ്കറിനെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. അന്ന് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ സ്വർണക്കടത്ത് കേസിൽ നിലവിലുള്ള സർക്കാരിനെതിരായ വിവാദങ്ങൾ ഒഴിവാക്കമായിരുന്നു എന്നാണ് സിപിഐ നിലപാട്.
രാജ്യസഭ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനർത്ഥിയെ സംബന്ധിച്ചും യോഗത്തിൽ തീരുമാനമുണ്ടാകും. എം.പി വിരേന്ദ്രകുമാറിന്‍റെ മകൻ എം.വി ശ്രേയാംസ് കുമാറിന് സീറ്റ് നൽകാൻ മുന്നണിക്കുള്ളിൽ ധാരണയായിട്ടുണ്ട്. നിലവിലെ കാലവധിക്ക് ശേഷം സീറ്റിൽ എൽജെഡിക്ക് അവകാശമുണ്ടാകില്ല എന്ന ഉപാധിയോടെയാകും സീറ്റ് ശ്രേയാംസ് കുമാറിന് നൽകുക. നേരത്തെ ജൂലായ് 28ന് ചേരാൻ നിശ്ചയിച്ചിരുന്നെങ്കിലും യോഗം മാറ്റുകയായിരുന്നു.