തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്‍റെ മൊഴി എടുക്കാൻ നീക്കവുമായി കസ്റ്റംസ്. കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. സെക്രട്ടേറിയറ്റിന് സമീപമുള്ള ശിവശങ്കറിന്‍റെ വീട്ടില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് റെയ്‌ഡ് നടത്തിയിരുന്നു. ഫ്ലാറ്റിലെ സന്ദർശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച സംഘം ഫ്ലാറ്റിലെ സുരക്ഷ ജീവനക്കാരുടെയും മുൻ ജീവനക്കാരുടെയും മൊഴിയെടുത്തു.
പ്രതികളായ സന്ദീപ് നായർ, സരിത് എന്നിവരുടെ വീടുകളിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ സ്വർണം കടത്താൻ ഉപയോഗിച്ചുവെന്ന് കരുതുന്ന ബാഗുകൾ കണ്ടെത്തി. സമാനമായ ഒരു ബാഗ് ശിവശങ്കറിന്‍റെ സെക്രട്ടേറിയറ്റിന് സമീപത്തെ ഹെദർ ടവറിലെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയിരുന്നു. എന്നാൽ ഇത് സ്വർണക്കടത്തിന് ഉപയോഗിച്ചതാണോയെന്ന് വ്യക്തമല്ല. ബാഗുകളുടെ ശാസ്ത്രിയ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.