തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ പ്രതികളായ സന്ദീപ് നായരെയും സ്വപ്‌ന സുരേഷിനെയും കസ്റ്റംസ് വീണ്ടു ചോദ്യം ചെയ്യുന്നു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസില്‍ എൻഐഎ ഓഫീസിലെത്തിയാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. ഇരുവരെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് എൻഐഎ കോടതി അനുമതി നൽകിയിരുന്നു.
അതേസമയം, സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്‍റെയും നാലാം പ്രതി സന്ദീപ് നായരുടെയും എൻഐഎ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും ഇന്ന് കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷയും എൻഐഎ കോടതി പരിഗണിക്കും. പ്രതികൾക്ക് എതിരെ ആരോപിക്കുന്നത് സാമ്പത്തിക കുറ്റകൃത്യം മാത്രമാണെന്നും, യുഎപിഎ ചുമത്തിയതിന് നിയമ സാധുതയില്ലെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം.