തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ഒരു എസ്ഐക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പൊലീസ് ആസ്ഥാനം നാളെയും തുറക്കേണ്ടെന്ന് തീരുമാനം. അവശ്യ സാഹചര്യങ്ങള്‍ക്ക് വേണ്ടിയുള്ള കണ്‍ട്രോള്‍ റൂം മാത്രം പ്രവര്‍ത്തിക്കും. പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വഴുതക്കാടുള്ള പൊലീസ് ആസ്ഥാനം ഓഗസ്റ്റ് ഒന്നുമുതല്‍ അടച്ചിട്ടിരിക്കുകയാണ്.
തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്ന് നടന്ന പരിശോധനയിൽ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴക്കൂട്ടം എഫ്‌സിഐ ഗോഡൗണില്‍ നടത്തിയ ആന്‍റിജന്‍ പരിശോധനയില്‍ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 74 പേരില്‍ നടത്തിയ പരിശോധനയിലാണ് ഏഴ് പേര്‍ക്ക് പോസിറ്റീവായത്. അഞ്ച് ലോറി ഡ്രൈവര്‍മാരും രണ്ട് ചുമട്ടുതൊഴിലാളികളുമാണ് രോഗം ബാധിച്ചവർ. ഇന്നലെ നടന്ന പരിശോധനയില്‍ ഡിപ്പോ മാനേജരടക്കം നാല് പേര്‍ക്ക് പോസിറ്റീവായിരുന്നു.
തീരമേഖലകളിലും ആശങ്കയൊഴിയുന്നില്ല. അഞ്ചുതെങ്ങില്‍ ഇന്ന് 50 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 32 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു പഞ്ചായത്ത് ഓഫിസ് ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.