തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നികുതി വെട്ടിപ്പിന് ഉത്തരവാദികളായ ഒരാളെയും സംരക്ഷിക്കില്ലെന്നും നികുതിയടച്ച ഒരാളുടെയും നയാ പൈസ നഷ്‌ടമാകില്ലെന്നും മന്ത്രി കെ.രാധാകൃഷ്‌ണന്‍ നിയമസഭയെ അറിയിച്ചു. ഇതു സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. നികുതി വെട്ടിപ്പിന് ഉത്തരവാദികളായ 4 ഉദ്യോഗസ്ഥരെ അറസ്‌റ്റ് ചെയ്‌തു.
13 പേരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു. 33 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി. കുറ്റവാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ALSO READ : പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ അന്വേഷിക്കാൻ പ്രത്യേക സമിതി
പൊലീസിന്‍റെയും നഗരസഭാ വിജിലന്‍സിന്‍റെയും അന്വേഷണം നടന്നു വരികയാണ്. ഈ അന്വേഷണത്തിനു ശേഷം ആവശ്യമെങ്കില്‍ മറ്റ് അന്വേഷണം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. ഇത്രയും ഗുരുതരമായ ഒരു പ്രശ്‌നം ശ്രദ്ധയില്‍പെട്ടിട്ടും സര്‍ക്കാര്‍ എന്തുകൊണ്ട് അന്വേഷണത്തിനു തയ്യാറാകുന്നില്ലെന്ന് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ എം.വിന്‍സെന്‍റ് ചോദിച്ചു.
പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നേടുന്നതിന് എല്ലാ ഒത്താശയും ചെയ്‌ത ശേഷമാണ് അറസ്‌റ്റിലേക്ക് പൊലീസ് കടന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കഴിഞ്ഞ 10 വര്‍ഷത്തെ എല്ലാ ഇടപാടുകളും സമഗ്രമായ അന്വേഷണത്തിനു വിധേയമാക്കണമെന്ന് വിന്‍സെന്‍റ് ആവശ്യപ്പെട്ടു. സംഭവം തദ്ദേശഭരണ സെക്രട്ടറിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.
ALSO READ : അമരീന്ദർ സിങ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; പേരും ചിഹ്നവും ഉടന്‍ പുറത്തുവിടും
സെക്രട്ടേറിയറ്റിന്‍റെ മൂക്കിനു താഴെ നടന്ന ഈ തട്ടിപ്പ് കേട്ടാല്‍ നാണം തോന്നുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.