തിരുവനന്തപുരം: കത്ത് വിവാദത്തില്‍ പ്രതിക്കൂട്ടിലായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിപിഎം ഭരണ സമിതിക്ക് ഇന്ന് അഗ്നിപരീക്ഷ. മുഖ്യ പ്രതിപക്ഷമായ ബിജെപിയുടെ ആവശ്യപ്രകാരം ചേരുന്ന പ്രത്യേക കൗണ്‍സില്‍ യോഗം സംഘര്‍ഷ ഭരിതമാകുമെന്നുറപ്പായി. ഇതിനിടെ ഭരണപക്ഷത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് രംഗത്തു വന്നു.
'ഡെപ്യൂട്ടി മേയറെ അധ്യക്ഷനാകണം': കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷ പദവി വഹിക്കുന്നതില്‍ നിന്ന് ആരോപണ വിധേയയായ മേയറെ മാറ്റി നിര്‍ത്തി പകരം ഡെപ്യൂട്ടി മേയറെ അധ്യക്ഷനാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി നേതാവ് പത്മകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് കത്തു നല്‍കി. ഈ മാസം 21ന് പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ 35 കൗണ്‍സിലര്‍മാരാണ് കത്ത് നല്‍കിയത്.
ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് കാണിച്ച് സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്ത് നല്‍കിയ സംഭവത്തില്‍ നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ച തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്‌സ്‌മാന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് യോഗം നേരത്തേയാക്കിയത്. ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട സാഹചര്യത്തിലും വിജിലന്‍സ്, ക്രൈംബ്രാഞ്ച് എന്നീ സംവിധാനങ്ങളിലൂടെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലും ആരോപണ വിധേയയായ വ്യക്തി യോഗം നിയന്ത്രിക്കുന്നത് ശരിയല്ലെന്നാണ് യുഡിഎഫിന്‍റെ വാദം.
വൈകിട്ട് 4 മണിക്കാണ് യോഗം. 6 മണിക്കുള്ളില്‍ യോഗം അവസാനിപ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇത്രയും സമയം തികയില്ലെന്നും സമയം നീട്ടണമെന്നും ബിജെപി ആവശ്യപ്പെട്ടു.