തിരുവനന്തപുരം: ലോകം ചിലപ്പോഴെല്ലാം ഇങ്ങനെയാണ്. ജനിച്ച് നാലാം മാസത്തില്‍ കാഴ്ച മങ്ങിത്തുടങ്ങിയ സിജോയ്ക്ക് പിന്നീടൊരിക്കലും പൂർണമായി കാഴ്ച ലഭിച്ചില്ല. പക്ഷേ വളർച്ചയുടെ ഓരോ ഘട്ടത്തിലും തോല്‍ക്കാതിരിക്കാൻ സിജോ ശ്രമിച്ചു. വിധിയെ പോലും തോല്‍പ്പിച്ച് പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി സിജോ കാഴ്ചയുടെ ലോകത്തേക്ക് നോക്കി പുഞ്ചിരിക്കുകയാണ്. പോങ്ങുംമൂട് ജനശക്തി നഗർ ക്രിസ്‌തിരാജിൽ സംഗീതിന്‍റെയും രജിതയുടെയും മൂത്ത മകൻ സിജോ ഏഴാം ക്ലാസ് വരെ വഴുതക്കാട് അന്ധവിദ്യാലയത്തില്‍ പഠനം പൂർത്തിയാക്കി. അതിന് ശേഷം എസ്എൻവി സ്കൂളില്‍ പഠനം തുടങ്ങുമ്പോൾ അകക്കണ്ണിന്‍റെ വെളിച്ചം മാത്രമാണ് കൈമുതലായുണ്ടായിരുന്നത്. ഓഡിയോ റെക്കോർഡിങിലൂടെയും ബ്രയ്‌ലി ലിപിയുടെ സഹായത്തോടെയും പാഠഭാഗങ്ങൾ മനസിലേക്ക് മാറ്റിയെഴുതി. ഒൻപതാം ക്ലാസില്‍ പഠിക്കുന്ന കൂട്ടുകാരൻ അഭിജിത്തിന്‍റെ സഹായത്തോടെയാണ് സിജോ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ചോദ്യങ്ങളുടെ ഉത്തരങ്ങൾ സിജോ പറയുന്നത് കേട്ട് അഭിജിത്ത് ഉത്തരക്കടലാസിലേക്ക് പകർത്തി എഴുതി. പരീക്ഷാ ഫലം വരുമ്പോൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. സിജോയുടെ മനസിന് മുന്നില്‍ വിധി പോലും തോറ്റുപോകുന്ന നിമിഷം...
പഠനത്തിനൊപ്പം പ്രസംഗം, കവിത, ക്രിക്കറ്റ്... കാഴ്ചയുടെ നഷ്ടലോകത്തെ സിജോ മറികടക്കുന്നത് ഇങ്ങനെയൊക്കെയാണ്. മകന്‍റെ കാഴ്ച ശക്തി വീണ്ടെടുക്കാൻ അച്ഛനും അമ്മയും ആശുപത്രികൾ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. കോളജ് അധ്യാപകൻ ആകണമെന്നാണ് സിജോ ആഗ്രഹിക്കുന്നത്. അതിനുമപ്പുറത്തേക്ക് ആഗ്രഹത്തിന് ചിറകു മുളയ്ക്കുമ്പോൾ സിവില്‍ സർവീസ് നേടി ഐഎഎസുകാരൻ ആകണമെന്നും സിജോ ആഗ്രഹിക്കുന്നു.
കേരള ബ്ലൈൻഡ് ക്രിക്കറ്റ് ടീം അംഗം കൂടിയായ സിജോ ഇന്ത്യൻ ടീമിന് വേണ്ടി ജേഴ്സി അണിയണമെന്ന ആഗ്രഹവും മനസിലൊളിപ്പിക്കുന്നില്ല. ഓട്ടോ ഡ്രൈവറായ സംഗീതും അമ്മ രജിതയും മകന്‍റെ ഏത് ആഗ്രഹും സാധിച്ചു കൊടുക്കാനുള്ള കഠിനശ്രമത്തിലാണ്. ആറാം ക്ലാസിൽ പഠിക്കുന്ന സിജോയുടെ അനുജൻ ലിജോയ്ക്കും ജന്മനാ കാഴ്ചയില്ല. ആഗ്രഹങ്ങൾക്ക് കാഴ്ചയുടെ അതിരുകളില്ലാത്തതിനാല്‍ ഈ കുട്ടികൾ വിധിയെ മറികടക്കും.