തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്‌ഡൗണ്‍ തുടരുന്ന തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. സമ്പർക്കത്തിലൂടെ കഴിഞ്ഞ ദിവസം 26 പേർക്ക് രോഗം സ്ഥിരീകരിച്ച പൂന്തുറ കേന്ദ്രീകരിച്ച് ദ്രുതപരിശോധന ഏർപ്പെടുത്തി. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് പൂന്തൂറ, ബീമാപ്പള്ളി, വലിയതുറ, വള്ളക്കടവ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു.
കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിന്നുള്ള വാഹനങ്ങൾ ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ച് നഗരത്തിൽ കടക്കുന്നതായി പരിശോധനയിൽ പൊലീസ് കണ്ടെത്തി. സമ്പർക്ക രോഗവ്യാപന ഭീതിയിൽ കർശന ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന ബീമാപ്പള്ളി, മുട്ടത്തറ, വലിയതുറ ഭാഗങ്ങളിൽ നിന്ന് തുടർച്ചയായി വാഹനങ്ങൾ എത്തിയതോടെയാണ് പൊലീസ് നടപടി കടുപ്പിച്ചത്. ബീമാപ്പള്ളി ഭാഗത്തുനിന്ന് ഭക്ഷണസാധനങ്ങളുമായെത്തിയ വാഹനം പൊലീസ് തടഞ്ഞു. ഡി.സി.പി ദിവ്യ ഗോപിനാഥ് സ്ഥലത്തെത്തി താക്കീത് നൽകി. വാഹനം വിട്ടയച്ചെങ്കിലും നഗരാതിർത്തികളിൽ പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകി.
ലോക്ക് ഡൗൺ ലംഘിച്ച് കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിന്നെത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും നിർദേശം നൽകി. ചാല മാർക്കറ്റിന്‍റെ പ്രവർത്തനം പൊലീസ് നിയന്ത്രണത്തിൽ രാവിലെ 7 മുതൽ 11 വരെ നടന്നു. 10.30 ഓടെ തന്നെ മിക്ക കടകളും പ്രവർത്തനം അവസാനിപ്പിച്ചു. നഗരാതിർത്തികളിൽ കർശന പരിശോധന തുടരുകയാണ്. രേഖകൾ പരിശോധിച്ച് അത്യാവശ്യ യാത്രികരെയും അവശ്യ സർവീസുകളെയും മാത്രമാണ് നഗരത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.