തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർക്കൊപ്പം കുട്ടിയും യാത്ര ചെയ്യുന്നതിന് പിഴ ഈടാക്കുന്നത് ഒഴിവാക്കാൻ നിയമ ഭേദഗതിക്കായി കേന്ദ്ര സർക്കാരിനെ സമീപിക്കാനൊരുങ്ങി ഗതാഗത വകുപ്പ്. ഇത് സംബന്ധിച്ച ചർച്ചകൾക്കായി മെയ് 10 ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉന്നതതല യോഗം വിളിച്ചു. സംസ്ഥാനത്ത് എ ഐ ക്യാമറകൾ സ്ഥാപിച്ചതിന് പിന്നാലെ ഇരുചക്ര വാഹനത്തിൽ രക്ഷിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടിക്ക് മൂന്നാമത്തെ യാത്രക്കാരനെന്ന കുറ്റം ചുമത്തി പിഴ ഈടാക്കുന്നത് കർശനമാക്കിയിരുന്നു.
കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഇരുചക്ര വാഹനത്തിൽ 2 പേർക്ക് മാത്രമേ യാത്ര ചെയ്യാനാകൂ. ഈ കേന്ദ്ര നിയമം സംസ്ഥാന സർക്കാർ പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ മറുപടി. എന്നാൽ, ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് രക്ഷിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടിക്ക് പിഴ ഈടാക്കുന്നത് ഒഴിവാക്കാൻ നിയമ ഭേദഗതിക്ക് കേന്ദ്രത്തെ സമീപിക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്.
12 വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്ക് രക്ഷിതാക്കൾക്കൊപ്പം ഹെൽമറ്റ് വച്ച് യാത്ര ചെയ്യാനുള്ള അനുമതി തേടാനാണ് മോട്ടോർ വാഹനവകുപ്പ് ഒരുങ്ങുന്നത്. നിയമ ഭേദഗതിക്കോ ഇളവ് നേടാനോ ആണ് നീക്കം. എന്നാൽ, ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കേന്ദ്രത്തിന് മാത്രമേ സാധിക്കൂ.
അതേസമയം, എ ഐ ക്യാമറ വിവാദം സംബന്ധിച്ച് അന്വേഷണത്തിനായി വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചതായി നിയമമന്ത്രി പി രാജീവ് ഇന്നലെ നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കെൽട്രോണിന്‍റെ പേര് വിവാദങ്ങളിൽ പരാമർശിക്കുന്നത് ആ സ്ഥാപനത്തിന്‍റെ അപകീർത്തിക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു. ഗതാഗത വകുപ്പിന്‍റെ പ്രവർത്തനങ്ങളെ കുറിച്ച് പരാതി ലഭിച്ചപ്പോൾ വിജിലൻസ് ഉൾപ്പെടെ അന്വേഷിക്കട്ടെ എന്ന് ആവശ്യപ്പെട്ടിരുന്നു.
കെൽട്രോണിന്‍റെ എ ഐ ക്യാമറ വിവാദം വല്ലാത്തൊരു പ്രതീതി ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെയും ഇത് പോലെയുള്ള ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 100 ക്യാമറയ്ക്ക് 40 കോടി എന്ന പദ്ധതി ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് കൊണ്ടു വന്നിരുവെന്ന് കെൽട്രോണിന്‍റെ റിപ്പോർട്ട് വിലയിരുത്തി. വിജിലൻസ് പരിശോധനയ്ക്ക് കെൽട്രോണിന്‍റെ എല്ലാ രേഖകളും നൽകണമെന്ന് നിർദേശമുണ്ട്. ഇത് സംബന്ധിച്ച എല്ലാ രേഖകളും പൊതു ജനത്തിന് ലഭ്യമാണ്. ഇത് സംബന്ധിച്ചിട്ടുള്ളതെല്ലാം പബ്ലിക് ഡൊമൈന്‍സിലുണ്ട്. എന്നാല്‍ അതാരും ശ്രദ്ധിക്കുന്നില്ലെന്നതാണ് വാസ്‌തവമെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാറും ഗതാഗത വകുപ്പും കെല്‍ട്രോണിന് നല്‍കിയ നിര്‍ദേശങ്ങള്‍, ടെക്‌നിക്കല്‍ കമ്മിറ്റി ശുപാര്‍ശകള്‍ എന്നിവയെല്ലാം ഡൊമൈന്‍സിലുണ്ട്. ഫെസിലിറ്റി മാനേജ്‌മെന്‍റ് സര്‍വീസ് എന്നുള്ളത് യഥാര്‍ഥത്തില്‍ ക്യാമറയുടെ മെയിന്‍ഡനന്‍സ് അല്ല. കെല്‍ട്രോണ്‍ വികസിപ്പിച്ചെടുത്ത പ്രത്യേക ക്യാമറ തന്നെയാണിതെന്നും അതിനായി ഒരു രൂപ പോലും കെല്‍ട്രോണിന് ഇതുവരെ നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മെയിൻഡനന്‍സ് ചാര്‍ജ് നല്‍കുന്നില്ല മറിച്ച് കണ്‍ട്രോള്‍ റൂമില്‍ നിയമിക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളമാണ് നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.