തിരുവനന്തപുരം: ചെലവ് കുറഞ്ഞ നിരവധി യാത്രകളുമായി സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് കെഎസ്.ആര്‍.ടി.സി. എന്നാല്‍ വേനലവധികാലത്ത് കെ.എസ്.ആര്‍.ടി.സി കുട്ടികള്‍ക്കായി സംഘടിപ്പിച്ച 'ആനവണ്ടിയും കുട്ട്യാളും' ക്യാമ്പ് വളരെ ശ്രദ്ധേയമായി. വേനലവധിക്കാലത്ത് കെ.എസ്.ആര്‍.ടി.സി നെയ്യാറ്റിന്‍കര യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കെ.എസ്.ആര്‍.ടി.സി യൂണിറ്റിന്‍റെ ഭാഗമായി സംസ്ഥാനത്തെ കുട്ടികള്‍ക്ക് ആദ്യമായി സംഘടിപ്പിച്ച ക്യാമ്പാണ് നെയ്യാറ്റിന്‍കരയില്‍ നടന്നത്. കരിനട ആശ്രയയുടെയും നിംസ് മെഡിസിറ്റിയുടെയും സഹകരണത്തോടെയാണ് കെ.എസ്.ആര്‍.ടി.സി ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്‍റെ ഭാഗമായി ഏക ദിന യാത്രയും പഠന ക്യാമ്പുകളുമാണ് കുട്ടികള്‍ക്കായി ഒരുക്കിയിരുന്നത്.
പത്ത് വയസ് മുതല്‍ 15 വയസ് വരെയുള്ള 31 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജമോഹൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാനും കുട്ടികളും ചേർന്ന് ബലൂണുകൾ പറത്തി ക്യാമ്പിന് തുടക്കം കുറിച്ചു. തുടര്‍ന്ന് പ്രശസ്ത കവി സുമേഷ് കൃഷ്ണൻ "കവിതകളുടെ ജനനം " എന്ന വിഷയത്തെപ്പറ്റി കുട്ടികളുമായി സംവദിച്ചു.
എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കെ.ആർ. അജയൻ കുട്ടികളോട് സംസാരിച്ചു. ക്യാമ്പിന്‍റെ ഭാഗമായി നെയ്യാറ്റിന്‍കരയില്‍ നിന്നാരംഭിച്ച് കള്ളിക്കാട്, കോട്ടൂര്‍, പൊന്മുടി എന്നിവിടങ്ങളിലൂടെ ഏക ദിനയാത്രയും നടത്തി. ഭാവിയിലും സന്നദ്ധ സഹകരണത്തോടെ ഇത്തരം യാത്ര ക്യാമ്പുകൾക്ക് ബജറ്റ് ടൂറിസം സെൽ നേതൃത്വം നൽകുമെന്ന് സംഘാടകർ പറഞ്ഞു.
ആശ്രയ രക്ഷാധികാരി അയണിത്തോട്ടം കൃഷ്ണൻ നായർ, നിംസ് ജനറൽ മാനേജർ ഡോ. സജു, കെ.എസ്.ആർ.ടി.സി. ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ടി.ഐ.സതീഷ് കുമാർ, ടൂറിസം സെൽ കോ - ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത്, തുടങ്ങി നിരവധി പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.
also read: കെഎസ്ആർടിസി : ശമ്പളം നാളെ മുതല്‍ കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ആന്‍റണി രാജു