തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്നും പ്ലാസ്റ്റിക് രഹിത തീർത്ഥാടനമാണ് ലക്ഷ്യമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് (Travancore Devaswom Board) പ്രസിഡന്‍റ് കെ അനന്തഗോപൻ. ശബരിമല തീർത്ഥാടനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിശദമായ പരിശോധന നടത്തിയെന്നും ഭാരവാഹികൾ അറിയിച്ചു. ഇത്തവണ കൂടുതൽ തീർത്ഥാടകർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേവസ്വം ബോർഡിന്‍റെ വരുമാനത്തിലും ഇത്തവണ വർധനവ് ഉണ്ടാകുമെന്ന് കരുന്നതായും ഭാരവാഹികൾ പറഞ്ഞു.
നിലയ്‌ക്കലിൽ പാർക്കിംഗിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. യുപിഐ സംവിധാനം വഴി പണം നൽകുന്നതിന് നടപടി സ്വീകരിക്കും. ക്ഷേത്രം ഡിജിറ്റലൈസ് ചെയ്യുന്നതിന് രണ്ടു ബാങ്കുമായി കരാർ ഒപ്പിട്ടു. പാർക്കിംഗ് ഫീസ് സ്വീകരിക്കുന്നതിനായി ഐസിഐസിഐ (ICICI) ബാങ്കുമായി കരാറിൽ ഒപ്പിട്ടു.
അതേസമയം ഫാസ്റ്റ് ടാഗ് സംവിധാനവും ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാളെ തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. അതേസമയം ഐഒസിയുടെ സഹായത്തോടെ പെട്രോൾ പമ്പും ആരംഭിക്കുന്നുണ്ട്. പെട്രോൾ പമ്പിന്‍റെ നടത്തിപ്പ് പൂർണമായും ഐഒസി ആയിരിക്കും. ഇതിലൂടെ ഒരു കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
പൂജാരിമാർക്ക് വേണ്ട പരിശീലനം നൽകുന്നതിനായി തന്ത്ര വിദ്യാലയവും ആരംഭിക്കും. കൂടാതെ പുതിയ കൗണ്ടിംഗ് മെഷീൻ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി തിരുപ്പതിയിൽ സ്ഥാപിക്കുന്ന കൗണ്ടിംഗ് മെഷീൻ നേരിൽ കണ്ടുവെന്നും സാങ്കേതിക പരിശോധന നടത്താൻ തീരുമാനിച്ചുവെന്നും ഭാരവാഹികൾ അറിയിച്ചു. ഇതിനായി സ്‌പോൺസർമാരെ കണ്ടെത്തും. കൂടാതെ സ്‌ക്രീൻ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കും.
നിലവിൽ മൂന്ന് തരത്തിലാണ് കാണിക്കയായി സമർപ്പിക്കുന്ന സ്വർണം ഉപയോഗിക്കുന്നത്. ഉപയോഗമില്ലാത്ത സ്വർണം റിസർവ് ബാങ്കിൽ നിക്ഷേപിക്കുകയാണ് ചെയ്യുക. ആദ്യഘട്ടത്തിൽ 500 കിലോ സ്വർണമാണ് നൽകുക. എന്നാൽ ഹരിയാനയിൽ കൊണ്ടുപോയി മെൽറ്റ് ചെയ്‌ത ശേഷം മാത്രമേ റിസർവ് ബാങ്ക് സ്വർണം എടുക്കുകയുള്ളൂ എന്നും ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
മഹേഷ് പിഎൻ ശബരിമല മേൽശാന്തി, മുരളി പിജി മാളികപ്പുറത്തും: കഴിഞ്ഞ ദിവസമാണ് (ഒക്‌ടോബർ 18) പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടന്നത്. ശബരിമലയിലെ പുതിയ മേൽശാന്തിയായി മഹേഷ് പിഎൻ മൂവാറ്റുപുഴയെയാണ് തെരഞ്ഞെടുത്തത്. മുരളി പിജിയാണ് മാളികപ്പുറം മേല്‍ശാന്തി.
പുതിയ ശബരിമല മേൽശാന്തിയെ നറുക്കെടുപ്പിലൂടെ കണ്ടെത്തിയത് പന്തളം കൊട്ടാരത്തില്‍ നിന്ന് കെട്ടുമുറുക്കി എത്തിയ വൈദേഹാണ്. ഇത്തവണ 17 പേരാണ് മേല്‍ശാന്തി നറുക്കെടുപ്പിനായുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയിരുന്നത് (Mahesh PN Elected As Sabarimala Melsanthi). പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 17 പേരുകള്‍ രാവിലെ 7.30ന് ഉഷ പൂജയ്‌ക്കുശേഷം ഓരോന്നായി എഴുതി ഒരു വെള്ളിക്കുടത്തില്‍ ചുരുട്ടിയിടുകയായിരുന്നു.
മറ്റൊരു വെള്ളിക്കുടത്തില്‍ മാളികപ്പുറം മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുള്ള 12 പേരുകളുള്ള നറുക്കുകളും ഇട്ടു. തുടര്‍ന്ന് തന്ത്രി ഇവ ശ്രീലകത്തേക്ക് കൊണ്ടുപോയി പൂജിച്ച ശേഷമാണ് നറുക്കെടുപ്പ് നടന്നത് (Sabarimala Melsanthi Draw).