തിരുവനന്തപുരം : കെ എസ് ആര്‍ ടി സി ജീവനക്കാരുടെ പണിമുടക്കിനെ വിമര്‍ശിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു. ജെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനില്ലെന്ന് മന്ത്രി പറഞ്ഞു. ശമ്പളം മാനേജ്മെന്‍റിന്‍റെ ഉത്തരവാദിത്വമാണെന്ന് താന്‍ നേരത്തെ പ്രഖ്യാപിച്ച നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണിമുടക്ക് നടത്തി സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കി കാര്യം നേടാനാവുമെന്ന് തൊഴിലാളി യൂണിയനുകള്‍ കരുതേണ്ട. പണിമുടക്കിലേക്ക് ജീവനക്കാരെ തള്ളി വിടുന്നത് യൂണിയനുകളാണ്.
സര്‍ക്കാറിന്‍റെ വാക്കുകളെ അംഗീകരിക്കാതെ ഏകപക്ഷീയമായി ജനങ്ങളെ പ്രതിസന്ധിയിലാക്കി പണിമുടക്ക് നടത്തിയവരെന്തിനാണ് ഇപ്പോള്‍ സര്‍ക്കാറിനെ ആശ്രയിക്കുന്നതെന്നും മന്ത്രി ചോദിച്ചു. സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കുന്നതും ജനങ്ങളെ വലയ്ക്കുന്നതുമായ പണിമുടക്കിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള കൂട്ടായ തീരുമാനമാണ് ജീവനക്കാരില്‍ നിന്നുണ്ടാവേണ്ടത്. അല്ലാതെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തനങ്ങളല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
also read: മെയ് 10 നും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളമില്ല ; വാക്ക് പാലിക്കാതെ മാനേജ്മെന്‍റ്
മുഖ്യമന്ത്രിയോട് അധിക തുക നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തിന് കാര്യങ്ങളെല്ലാം വ്യക്തമായി അറിയാമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ സംഘടനകളുടെ ആഹ്വാനം പ്രകാരം രണ്ട് ദിവസങ്ങളിലുണ്ടായ ദേശീയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളം പിടിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഞായറാഴ്‌ച മുതല്‍ സമരം തുടങ്ങുമെന്ന് കെ എസ് ആര്‍ ടി സി പ്രതിപക്ഷ സംഘടനയായ ടിഡി എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.