തിരുവനന്തപുരം : കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെ വിദ്യാർഥികൾക്കായുള്ള യാത്രാ മാര്‍ഗരേഖ പുറത്തിറക്കി ഗതാഗത വകുപ്പ്. ഒക്ടോബര്‍ 20ന് മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കും.
ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണിനുശേഷം മാത്രമേ വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ.
വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്
പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് 'സ്റ്റുഡന്‍റ്സ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്രോട്ടോക്കോൾ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ്' മോട്ടോര്‍ വാഹന വകുപ്പ് നല്‍കും. പ്രസ്‌തുത സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ സൂക്ഷിക്കേണ്ടതാണ്.
അതേസമയം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള കൊവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കിയ സ്റ്റുഡന്‍റ്സ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്രോട്ടോക്കോളിന്‍റെ ആദ്യ പതിപ്പ് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലീനയ്ക്ക് ഗതാഗതമന്ത്രി ആന്‍റണി രാജു കൈമാറി.
പ്രോട്ടോക്കോൾ പാലിച്ച് സ്‌കൂളിലേക്ക്
എല്ലാ സ്‌കൂള്‍ അധികൃതരും ഇതിലെ നിര്‍ദേശങ്ങള്‍ അച്ചടിച്ച് രക്ഷാകര്‍ത്താക്കള്‍ക്കും ബന്ധപ്പെട്ട എല്ലാവര്‍ക്കും വിതരണം ചെയ്യണമെന്നും മന്ത്രി അറിയിച്ചു. ഡ്രൈവര്‍മാരും ബസ് അറ്റന്‍ഡര്‍മാരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കേണ്ടതും അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്.
പനിയോ ചുമയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉള്ള വിദ്യാര്‍ഥികള്‍ക്ക് യാത്ര അനുവദിക്കരുതെന്നും സ്‌കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും കരുതണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: പ്ലസ്‌വൺ ആദ്യഘട്ട അലോട്ട്‌മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു ; പ്രവേശന നടപടികള്‍ നാളെ മുതൽ
ഹാന്‍ഡ് സാനിറ്റൈസര്‍ എല്ലാ വിദ്യാര്‍ഥികളും കരുതണം. ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം എന്ന രീതിയിലാണ് യാത്ര ക്രമീകരിക്കേണ്ടത്. വാഹനത്തില്‍ എ.സിയും തുണി കൊണ്ടുള്ള സീറ്റ് കവറും കര്‍ട്ടനും പാടില്ല. ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ പ്രേരിപ്പിക്കണം.
ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോള്‍ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകേണ്ടതാണ്. സ്‌കൂള്‍ ട്രിപ്പിനായി മറ്റ് കോണ്‍ട്രാക്‌ട് ക്യാരേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.