തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്‌ച വരെ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെളളി, ശനി ദിവസങ്ങളില്‍ തെക്കന്‍ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ദുരന്ത സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അതേസമയം വെളളിയാഴ്ച വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
ട്രെയിനുകള്‍ റദ്ദാക്കി: കനത്ത മഴയെ തുടര്‍ന്ന് ഇന്ന് (ഓഗസ്റ്റ് 31) രാവിലെ കായംകുളത്ത് നിന്നും 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദാക്കി.
വൈകിയോടുന്ന ട്രെയിനുകള്‍:
1. ഏറനാട് എക്‌സ്പ്രസ്, റപ്‌തിസാഗര്‍, ബിലാസ്‌പുര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ വൈകും
2. നാഗര്‍കോവില്‍ നിന്നും (ഇന്ന്) 31.08.22ന് 2.00 മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്‌സ്പ്രസ് 3.00 മണിക്ക് (ഒരു മണിക്കൂര്‍ വൈകി) പുറപ്പെട്ടു.
3. ഇന്ന് (31.08.22) രാവിലെ 06.35 ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടേണ്ട ഗോരഖ്‌പൂര്‍ രപ്‌തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് ഉച്ചക്ക് 12.45ന് (6 മണിക്കൂര്‍ 10 മിനിറ്റ് വൈകി) കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും.
4. ഇന്ന് (31.08.22) രാവിലെ 08.30ന് എറണാകുളത്ത് നിന്നും ബിലാസ്‌പുര്‍ പോകേണ്ട സൂപ്പര്‍ ഫാസ്റ്റ് 11.15 ന് (2 മണിക്കൂര്‍ 45 മിനിറ്റ് വൈകി) എറണാകുളത്ത് നിന്നും പുറപ്പെട്ടു.