തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കോവളത്ത് വിദേശ വിനോദ സഞ്ചാരികൾ കൂട്ടത്തോടെ കടലില്‍ ഇറങ്ങി. രാവിലെ ലൈഫ് ഗാർഡുകൾ എത്തുന്നതിന് മുൻപാണ് സഞ്ചാരികൾ കൂട്ടത്തോടെ കടലില്‍ ഇറങ്ങിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ലൈഫ് ഗാർഡുകൾ എത്തി ഇവരെ ഹോട്ടലുകളിലേക്ക് മടക്കി അയക്കുകയായിരുന്നു.
സാധാരണ രാവിലെ ഏഴ് മണി മുതലാണ് ലൈഫ് ഗാർഡുകൾ ഡ്യൂട്ടിയില്‍ പ്രവേശിക്കുക. ഇവരെത്തുന്നതിന് മുൻപാണ് വിദേശികൾ കടലില്‍ ഇറങ്ങിയത്. കോവളത്തെ ടൂറിസം പബ്ലിക് ഇൻഫോർമേഷൻ ഓഫീസർക്ക് ലൈഫ് ഗാർഡുമാർ റിപ്പോർട്ട് നല്‍കി. സംഭവം പരിശോധിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.