തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ എത്തിയത് രാവിലെ 8.36ന്. രാവിലെ എട്ടുമണിയോടെ അച്ചടി ഭവനിൽ എത്തിയ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് അച്ചടി വകുപ്പ് മേധാവിയാണ് ബജറ്റ് കോപ്പികൾ കൈമാറിയത്. അമ്മക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച് 8.20ഓടെ തോമസ് ഐസക്ക് വെള്ളയമ്പലത്തെ മൻമോഹൻ ബംഗ്ളാവിൽ നിന്ന് നിയമസഭയിലേക്ക് പുറപ്പെട്ടു. കടമെടുത്ത് വികസന പദ്ധതികൾ നടപ്പാക്കുന്നത് ആഗോള മാതൃകയാണെന്നും കടമെടുപ്പിനെ കുറിച്ച് ഓർത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും തോമസ് ഐസക്ക് രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചു. പതിവ് പോലെ സഭയിലെ ഭരണപക്ഷ അംഗങ്ങളുമായി സൗഹൃദ സംഭാഷണം നടത്തിയ ശേഷം പ്രതിപക്ഷ ബെഞ്ചിലെത്തി പ്രതിപക്ഷ അംഗങ്ങളേയും കണ്ടു.
ഒൻപത് മണിയോടെ പിണറായി സർക്കാരിന്‍റെ ആറാമത്തെ ബജറ്റ് അവതരണം തുടങ്ങി. പാലക്കാട് കുഴൽമന്ദം ജി.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനി സ്നേഹ എഴുതിയ കവിത ചൊല്ലിയാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. കൊവിഡ് പ്രതിസന്ധിയെ നേരിടാൻ സംസ്ഥാനത്തിന് കഴിഞ്ഞത് എടുത്തു പറഞ്ഞ തോമസ് ഐസക്ക് കൊവിഡ് പോരാളികളെ അഭിനന്ദിച്ചു. കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമ ഭേദഗതിയെ വിമർശിച്ചും സാമ്പത്തിക മാന്ദ്യം പരാമർശിച്ചുമായിരുന്നു ആമുഖ പ്രസംഗം. കിഫ്ബിയെ തകർക്കാൻ ഫിനാൻസ് റിപ്പോർട്ടിലൂടെ ശ്രമിച്ചു എന്നും സംസ്ഥാനത്തിന്‍റെ ഭാഗം കേൾക്കാതെ സി.എ.ജി കിഫ്ബിയെ വിമർശിച്ചെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിലും ആവർത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏറെ രാഷ്ട്രീയമാനം പ്രതീക്ഷിക്കപ്പെടുന്നതും എല്‍ഡിഎഫ് സർക്കാരിന്‍റെ അഭിമാന ബജറ്റുമാണ് തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ചത്.