തിരുവനന്തപുരം:കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ(സി.എ.ജി) സർക്കാരിനെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന സ്ഥാപനമായി തരം താഴുന്നുവെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക്. സർക്കാരുമായി ചർച്ച ചെയ്യാത്ത ഓഡിറ്റ് നിഗമനങ്ങൾ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്ന് സി.എ.ജിക്ക് ആജ്ഞാപിക്കാനാവില്ല. അത് സഭയുടെ അവകാശ ലംഘനമാണ്. നടപടി ക്രമങ്ങൾ പാലിക്കാതെ തയ്യാറാക്കിയ സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളുടെ നിയമസാധുത സർക്കാർ പരിശോധിക്കും.
കിഫ്‌ബിയിലെ ഓഡിറ്റ് സംബന്ധിച്ച് സിഎജി എഴുതിയ കത്തുകൾ ചോർന്നത് അത്യന്തം ഭൗർഭാഗ്യകരമാണ്. സർക്കാരിനെതിരെ ഗൂഢാലോചന നടത്തേണ്ട സ്ഥാപനമല്ല സിഎജി. മസാല ബോണ്ട് ഭരണഘടന വിരുദ്ധമാണെന്ന് രേഖപ്പെടുത്തുമെന്ന കാര്യം കരട് റിപ്പോർട്ട് തയ്യാറാക്കും മുമ്പ് ധനവകുപ്പിനെ അറിയിച്ചിരുന്നുവെന്ന വാർത്തകൾ ശുദ്ധ കളവാണ്. ഈ വാർത്തകളുടെ ഉറവിടം സി.എ.ജി ഓഫീസാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. സി.എ.ജി റിപ്പോർട്ട് ഗവർണർ വഴി നിയമസഭയ്ക്ക് സമർപ്പിച്ച ശേഷമെ പ്രസിദ്ധീകരിക്കാൻ പാടുള്ളു എന്നതിന് അർത്ഥം റിപ്പോർട്ടുകൾ ഒന്നും ധനമന്ത്രിയോ ധന സെക്രട്ടറിയോ അറിയാൻ പാടില്ല എന്നല്ല. അത്തരം ഒരു രഹസ്യ സ്വഭാവത്തിന് വ്യവസ്ഥയില്ല.
ധന സെക്രട്ടറിയെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണ്. അമ്പതിനായിരം കോടി രൂപയുടെ പ്രവർത്തനങ്ങൾ ഏകപക്ഷീയമായി അട്ടിമറിക്കാനുള്ള ശ്രമമാണ് സി.എ.ജി നടത്തിയത്. അസാധാരണ സാഹചര്യമാണ് സിഎജി സംസ്ഥാനത്ത് സൃഷ്‌ടിച്ചത്. തനിക്കെതിരെ പ്രതിപക്ഷം നൽകിയ അവകാശ ലംഘനത്തിന് വിശദമായ മറുപടി നൽകുമെന്നും തോമസ് ഐസക് പറഞ്ഞു.