തിരുവനന്തപുരം: അധ്യാപക ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവച്ച് എഴുത്തുകാരനും തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ മൂന്നു പതിറ്റാണ്ടിലേറെ അധ്യാപകനുമായിരുന്ന ഡോ. ജോർജ് ഓണക്കൂർ. അധ്യാപനം തനിക്ക് തൊഴിലായിരുന്നില്ലെന്നും നിയോഗമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അവധി ദിനങ്ങളിൽ പോലും കോളജിൽ പോയിരുന്നു. സ്വയം നവീകരിക്കുകയും വിദ്യാർത്ഥികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുകയുമാണ് ചെയ്തിരുന്നതെന്ന് തന്‍റെ വിദ്യാർഥികളായ ജഗതി ശ്രീകുമാറിനും രവി വള്ളത്തോളിനുമൊപ്പം നാടകത്തിൽ അഭിനയിച്ച സംഭവം അനുസ്മരിച്ച് അദ്ദേഹം പറഞ്ഞു.
അധ്യാപകന്‍റേത് ഒരു സാംസ്‌കാരിക ദൗത്യമാണ്. മാനവികതയുടെ സൃഷ്ടിക്ക് നിമിത്തമാകാൻ അധ്യാപകന് കഴിയണം. വിദ്യാഭ്യാസേതര, സാംസ്‌കാരികേതര ശക്തികളുടെ ഇടപെടൽ അധ്യാപകർക്ക് വെല്ലുവിളിയായി മാറുന്നുണ്ട്. അധ്യാപകര്‍ ആക്രമണം നേരിടേണ്ടി വരുന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഡോ. ജോർജ് ഓണക്കൂർ പറഞ്ഞു.