തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. രാവിലെ 11 മണിയോടെ കന്‍റോണ്‍മെന്‍റ് സ്‌റ്റേഷനിലെത്തിയാണ് ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പി കീഴടങ്ങിയത്. ജോലി വാഗ്‌ദാനം ചെയ്‌ത് ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടിയെന്ന പരാതിയിൽ ജില്ലയിലെ കന്‍റോണ്‍മെന്‍റ്, മ്യൂസിയം, വെഞ്ഞാറമ്മൂട് സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്‌ത 15 കേസുകളിലും ശശി കുമാരൻ തമ്പി പ്രതിയാണ്.
എന്നാൽ, ഉദ്യോഗാർഥികൾക്ക് ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയിട്ടില്ലെന്നും കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കേസിൽ ശശികുമാരൻ തമ്പി മാത്രമേ അറസ്‌റ്റിലാകാൻ ഉണ്ടായിരുന്നുള്ളൂ. മറ്റ് നാല് പ്രതികളെയും പൊലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു.
ഇയാളെ ഇന്ന് വൈകിട്ടോടെ വഞ്ചിയൂർ ജില്ല കോടതിയിൽ ഹാജരാക്കും. കേസിൽ ശശികുമാരൻ തമ്പി മുമ്പ് സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയും കോടതി തള്ളിയിരുന്നു. കേസിലെ പ്രധാന പ്രതികളായ ദിവ്യ നായർ, ശ്യാംലാൽ, അഭിലാഷ്, അനിൽ കുമാർ, രാജേഷ്, എന്നിവരാണ് ഇതിനുമുൻപ് പിടിയിലായവർ.
സംഭവത്തിൽ ആദ്യം അന്വേഷണം ആരംഭിച്ച കന്‍റോണ്‍മെന്‍റ് പൊലീസിന്‍റെ അന്വേഷണം ഇഴയുന്നുവെന്ന പരാതി ഉയർന്നതോടെ കേസ് അന്വേഷണം പൂജപ്പുര പൊലീസിന് കൈമാറുകയായിരുന്നു. ഇതിനുശേഷമാണ് സമാന രീതിയിൽ തട്ടിപ്പിനിരയായവർ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലും വെഞ്ഞാറമ്മൂട് പൊലീസ് സ്‌റ്റേഷനിലും പരാതിയുമായി എത്തിയത്. ടൈറ്റാനിയത്തിലെ ലീഗൽ ഡിജിഎം ആയ ശശികുമാരൻ തമ്പിയും ശ്യാംലാലും ചേർന്ന് മറ്റ് പ്രതികളുടെ സഹായത്തോടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി.
ടൈറ്റാനിയത്തിൽ വർക്ക് അസിസ്‌റ്റന്‍റ്, അസിസ്‌റ്റന്‍റ് കെമിസ്‌റ്റ്, മെക്കാനിക്കൽ എൻജിനീയർ തുടങ്ങിയ തസ്‌തികകളിൽ ജോലി വാഗ്‌ദാനം ചെയ്‌താണ് ഉദ്യോഗാർഥികളിൽ നിന്നും സംഘം 1.75 കോടി രൂപ തട്ടിയെടുത്തത്. സമൂഹമാധ്യമങ്ങൾ വഴി പരസ്യം ചെയ്‌താണ് ഉദ്യോഗാർഥികളെ സംഘം തട്ടിപ്പിലേക്ക് ആകർഷിച്ചത്. തുടർന്ന്, കമ്പനിയുടെ പേരിലുള്ള വ്യാജ അപേക്ഷകൾ നൽകുകയും, എഴുത്ത് പരീക്ഷയും ഇന്‍റര്‍വ്യൂവും നടത്തുകയും ചെയ്‌തു.
ശശികുമാരൻ തമ്പി കീഴടങ്ങിയതോടെ കേസിൽ നിർണായകമായ കൂടുതൽ തെളിവുകൾ പുറത്തുവരും എന്നാണ് പ്രത്യേക അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.