തിരുവനന്തപുരം : ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പ് കേസിൽ മറ്റുപ്രതികളെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിലെ പ്രധാന ഇടനിലക്കാരിയായ ദിവ്യ നായരെ കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്‌തിരുന്നു. ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ വെഞ്ഞാറമ്മൂട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും.
ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ദിവ്യയെ കൂടാതെ പ്രതി ശ്യാംലാലിനും ഭാര്യയ്ക്കും തട്ടിപ്പിൽ നിർണായക പങ്കുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ദിവ്യ നായരുടെ കണക്ക് മാത്രം 29 പേരിൽ നിന്നായി ഒരു കോടി 85 ലക്ഷം രൂപയുടെ തട്ടിപ്പാണെന്നാണ്.
ശ്യാംലാലിന്‍റേത് കൂടിയാകുമ്പോൾ തട്ടിപ്പിന്‍റെ വ്യാപ്‌തി ഉയരും. ദിവ്യ നായരുടെ ഭർത്താവ് രാജേഷും, പ്രേംകുമാറും ഒളിവിലാണ്. തന്നിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് കോട്ടയ്ക്കകം സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്.
അസിസ്റ്റന്‍റ് കെമിസ്റ്റ് തസ്‌തികയിൽ മാസം 75,000 രൂപ ശമ്പളം വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് യുവതി പൊലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നോട്ട് ബുക്കിൽ എഴുതിയ നിലയിൽ ഇരുപത്തിയൊൻപതുപേരുടെ ലിസ്റ്റ് ലഭിച്ചത്.
2018 മുതൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പ്രതികൾ വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ടൈറ്റാനിയത്തിൽ ഒഴിവുകൾ ഉണ്ടെന്ന് പോസ്റ്റിടും. ഉദ്യോഗാർഥികൾക്ക് ഇൻബോക്‌സിലൂടെ മറുപടി നൽകും. ഒപ്പം പണവും ആവശ്യപ്പെടും. ടൈറ്റാനിയത്തിലെ നിയമനം ഇതുവരെ പിഎസ്‌സിക്ക് വിടാത്തതാണ് തട്ടിപ്പിന് പിൻബലമായത്.
Also news: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ് : പ്രധാന ഇടനിലക്കാരി ദിവ്യ നായര്‍ പൊലീസ് കസ്റ്റഡിയില്‍
ടൈറ്റാനിയത്തിലെ ലീഗല്‍ എജിഎം ശശികുമാരന്‍ തമ്പി കേസില്‍ അഞ്ചാം പ്രതിയാണ്. ഒക്‌ടോബര്‍ 6 നാണ് തട്ടിപ്പില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. എന്നാല്‍ അന്വേഷണം ഫലപ്രദമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി ഡിസിപിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു.